അമ്പൂരി കൊലപാതകത്തില്‍ ഒന്നാംപ്രതിയുടെ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. ഓടുന്ന കാറില്‍ വച്ച് രാഖിയെ കൈത്തണ്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ട് മുറുക്കിയുമാണ് കൊന്നതെന്ന് മുഖ്യപ്രതിയും പട്ടാളക്കാരനുമായ അഖില്‍ വെളിപ്പെടുത്തി.വിപുലമായ ആസൂത്രണങ്ങളാണ് അമ്പൂരിയില്‍ രാഖിയെ കൊലപ്പെടുത്താന്‍ പ്രതികള്‍ നടത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കൊലയ്ക്കു മുമ്പു തന്നെ മറവു ചെയ്യാനുള്ള കുഴിയെടുത്തിരുന്നു. ദുര്‍ഗന്ധമുണ്ടാകാതിരിക്കാന്‍ ഉപ്പും ശേഖരിച്ചു വെച്ചിരുന്നു.

രാഖിയുടെ കഴുത്ത് ഞെരിച്ച് ബോധം കെടുത്തിയത് രാഹുലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതികളുടെ വീട് കാണാന്‍ രാഖിയെ ക്ഷണിച്ച് കാറില്‍ കയറ്റുകയായിരുന്നു ഇരുവരും. പിന്‍സീറ്റിലിരുന്ന രാഹുലാണ് ആദ്യം കഴുത്ത് ഞെരിച്ചത്. തുടര്‍ന്ന് അവശയായ രാഖിയെ ഡ്രൈവിങ് സീറ്റിലിരുന്ന അഖില്‍ പിന്‍സീറ്റിലേക്ക് മാറി പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞു മുറുക്കി. കൊലപാതകം നടത്തിയതിനു പിന്നില്‍ കുറ്റകരമായ ഗൂഢാലോചനയുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ട് പറയുന്നു.