തന്നെ കടിച്ച പാമ്പിനെ മദ്യ ലഹരിയില്‍ തിരിച്ചുകടിച്ചയാള്‍ ഗുരുതരാവസ്ഥയില്‍. ഉത്തർപ്രദേശിലെ ഏറ്റയില്‍ പാമ്പിന്‍റെ കടിയേറ്റ രാജ്കുമാർ എന്നയാൾ പാമ്പിനെ കടിച്ചു തുണ്ടം തുണ്ടമാക്കുകയായിരുന്നു. വിഷബാധയേറ്റ രാജ്കുമാർ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി വീട്ടിനുള്ളില്‍വെച്ചാണ് മദ്യലഹരിയിലായിരുന്ന രാജ്കുമാറിനെ പാമ്പ് കടിച്ചത്. പാമ്പ് തന്‍റെ മകനെ കടിച്ചതിനെ തുടർന്ന് മകൻ പാമ്പിനെ തിരിച്ചുകടിച്ച് കഷ്ണങ്ങളാക്കുകയായിരുന്നുവെന്ന് രാജ്കുമാറിന്‍റെ പിതാവ് പറഞ്ഞു. ചികിൽസിക്കാൻ പണമില്ലെന്നും പിതാവ് പറഞ്ഞതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിനുശേഷം പാമ്പിനെ രാജ്കുമാറിന്‍റെ കുടുംബം കുഴിച്ചിട്ടു.

രാജ്കുമാറിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജ്‍കുമാറിനെ പാമ്പ് കടിച്ചിരുന്ന കാര്യം ആദ്യം മനസ്സിലായിരുന്നില്ലെന്ന് ചികില്‍സിക്കുന്ന ഡോക്ടർ പറഞ്ഞു.അവസ്ഥ ഗുരുതരമായതിനാല്‍ മറ്റൊരു ആശുപത്രിയിലേക്കു കൊണ്ടുപോകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഡോക്‌‍ടർ പറഞ്ഞു.