സെലക്ഷന്‍ കമ്മിറ്റിക്കാര്‍ കോഹ്ലിയുടെ ആശ്രിതരെന്ന് ഗാവസ്‌കര്‍; സെലക്ഷന്‍ പാനലിനും യോഗ്യത വേണമെന്നും നിര്‍ദേശം

ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനോട് തോറ്റ് പുറത്തായ ശേഷവും ഇന്ത്യയുടെ ക്യാപ്റ്റനായി തുടരുന്ന വിരാട് കോഹ്ലിക്കും തുടരാന്‍ അനുവദിച്ച സെലക്ഷന്‍ കമ്മിറ്റിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി സുനില്‍ ഗാവസ്‌കര്‍. ലോകകപ്പ് വരെ ക്യാപ്റ്റനായി നിയമിച്ച കോഹ്ലിയെ വെസ്റ്റിന്‍ഡീസ് പര്യടനത്തിനും ക്യാപ്റ്റനായി തുടരാന്‍ അനുവദിക്കുമ്പോള്‍ അതിനായി ഒരു അഞ്ചു മിനിറ്റ് യോഗമെങ്കിലും സെലക്ടര്‍മാര്‍ ചേരേണ്ടതല്ലേയെന്നും ഗാവസ്‌കര്‍ ചോദിച്ചു.

നിരാശാജനകമായ തോല്‍വിക്ക് ശേഷവും യാതൊരു ചര്‍ച്ചയും നടത്താതെ സെലക്ഷന്‍ കമ്മിറ്റി വെസ്റ്റിന്‍ഡീസിലേക്കുള്ള ടീമിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്ന് ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു. വിരാട് കോഹ്ലി ഇപ്പോഴും ടീം ക്യാപ്റ്റനായി തുടരുന്നത് അദ്ദേഹത്തിന്റെ സന്തോഷത്തിനു വേണ്ടിയാണോ അതോ സെലക്ഷന്‍ കമ്മിറ്റിയുടെ സന്തോഷത്തിനു വേണ്ടിയാണോ എന്നും ഗാവസ്‌കര്‍ ചോദിച്ചു. അധികാരമൊഴിയുന്ന സെലക്ഷന്‍ കമ്മിറ്റി കോഹ്ലിയോടുളള ആശ്രയത്വം പ്രകടിപ്പിക്കുകയായിരുന്നുവെന്നും ഗാവസ്‌കര്‍ കുറ്റപ്പെടുത്തി.

ലോകകപ്പിലെ തോല്‍വിക്കു പിന്നാലെ നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ കോഹ്ലിക്കു പകരം രോഹിത് ശര്‍മ ക്യാപ്റ്റനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ കോഹ്ലിയെ തന്നെ എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി മൂന്നു ഫോര്‍മാറ്റിലും ക്യാപ്റ്റനായി തീരുമാനിക്കുകയായിരുന്നു.

മിഡ് ഡെ ദിനപത്രത്തിലെഴുതിയ കോളത്തിലാണ് ഗവാസ്‌ക്കര്‍ കോഹ്ലിയെയും സെലക്ഷന്‍ കമ്മിറ്റിയെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി ഒരു ടെസ്റ്റ് പോലും കളിക്കാത്തവരടങ്ങുന്ന കമ്മിറ്റിയാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്. ഇത്തരം അംഗങ്ങള്‍ ക്യാപ്റ്റന്റെ ആശ്രിതരാകുന്നത് സ്വാഭാവികമാണ്. പുതുതായി വരുന്ന സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും മതിയായ പരിചയമുള്ള താരങ്ങളായിരിക്കണമെന്നും ഗാവസ്‌കര്‍ നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News