ബാങ്ക്റപ്റ്റ്സി നിയമം പാസാക്കിയിട്ടും പ്രധാന ഭാഗം നോട്ടിഫൈ ചെയ്യാതെ കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണെന്ന് കെ കെ രാഗേഷ് എംപി

ബാങ്ക്റപ്റ്റ്സി നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടും പ്രധാന ഭാഗം നോട്ടിഫൈ ചെയ്യാത്തത് കോര്‍പറേറ്റുകളെ രക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രീണനത്തിന്റെ ഭാഗമെന്ന് സിപിഐഎം രാജ്യസഭാ അംഗം കെ കെ രാഗേഷ് എം പി. പൊതുമേഖലാ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം കടമെടുത്ത് തിരിച്ചടക്കാത്ത കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. 2016ല്‍ ബാങ്ക്റപ്റ്റ്സി നിയമം പാര്‍ലമെന്റ് പാസാക്കിയിട്ടും ഇതിലെ പ്രധാനപ്പെട്ട ഭാഗം നോട്ടിഫൈ ചെയ്യാതെ രാജ്യത്തെ അതിസമ്പന്നരായ കോര്‍പ്പറേറ്റുകളെ രക്ഷപ്പെടാന്‍ അനുവദിക്കുകയാണ് കേന്ദ്രം.

ബാങ്ക്റപ്റ്റസി നിയമത്തിന് പ്രധാനമായും രണ്ട് ഭാഗങ്ങളുണ്ട്. ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും മറ്റും വന്‍തോതില്‍ കടമെടുത്ത് തിരിച്ചടക്കാത്ത കമ്പനികള്‍ക്കെതിരായി നടപടിയെടുക്കാനുള്ള വ്യവസ്ഥയാണ് ഒന്നാമത്തേത്. കമ്പനികളുടെ പ്രമോട്ടര്‍മാരായ വ്യക്തികള്‍ക്കെതിരായി നടപടിയെടുക്കാനുള്ള വ്യവസ്ഥയാണ് രണ്ടാമത്തെ ഭാഗത്ത് ഉള്‍ച്ചേര്‍ത്തിട്ടുള്ളത്.

ആദ്യഭാഗം 2016 ഡിസംബറില്‍ നോട്ടിഫൈ ചെയ്തെങ്കിലും അതിസമ്പന്നര്‍ക്കെതിരായി വ്യക്തിപരമായ നടപടി പറയുന്ന ഭാഗം നാളിതുവരെ നോട്ടിഫൈ ചെയ്തിട്ടില്ല. ഇതിന്റെ ഫലമായി തകര്‍ന്നടിഞ്ഞ കമ്പനിക്കെതിരെ മാത്രമാണ് നടപടി വരുന്നത്.

ഇക്കാരണത്താല്‍ ബാങ്കുകള്‍ക്ക് വന്‍തുക എഴുതിത്തള്ളേണ്ടിവരും. ഉദാഹരണത്തിന് അലോക് ഇന്‍ഡസ്ട്രീസ് എന്ന കമ്പനി പൊതുമേഖലാ ബാങ്കുകള്‍ക്കും മറ്റുമായി 40000 കോടി രൂപയുടെ കടബാധ്യതയാണ് വരുത്തിയത്. എന്നാല്‍ 5000 കോടി രൂപയ്ക്കാണ് ഈ കേസില്‍ ബേങ്ക്റപ്റ്റ്സി കോഡ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ട്രൈബ്യൂണല്‍ തീര്‍പ്പാക്കിയത്. ഇതിനെത്തുടര്‍ന്ന് ബാങ്കുകള്‍ക്ക് 85 ശതമാനത്തോളം വരുന്ന കടബാധ്യത എഴുതിത്തള്ളേണ്ടിവന്നു.

പ്രസ്തുത കമ്പനി 5000 കോടി രൂപയ്ക്ക് മുകേഷ് അംബാനി ഏറ്റെടുക്കുകയും കമ്പനിയുടെ പ്രമോട്ടര്‍മാരായ അതിസമ്പന്നര്‍ ബാധ്യതകളില്‍നിന്ന് വിമുക്തരാവുകയും ചെയ്തു. ബാങ്കുകള്‍ക്ക് ബാക്കി തുക ലഭിക്കാന്‍ കമ്പനിയുടമകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സാധിക്കാതെ വന്നു. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളുടെ പേരില്‍ ഇത്തരത്തില്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട.് എന്നാല്‍ ഇതിന്റെ ഫലമായി നിസ്സാരമായ ആസ്തിമാത്രം കൈവശമുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനെ ലിക്വിഡേറ്റ് ചെയ്യുകയോ അല്ലെങ്കില്‍ മറ്റേതെങ്കിലും കമ്പനികള്‍ ഏറ്റെടുക്കുകയോ ചെയ്യുമ്പോള്‍ ലഭിക്കുന്ന നിസ്സാരമായ തുക മാത്രമാണ് ബാങ്കുകള്‍ക്ക് ലഭിക്കുക.

വിവിധ ബാങ്കുകളില്‍ നിന്ന് വന്‍തോതില്‍ കടമെടുത്ത അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവര്‍ ഇതിന്റെ ഫലമായി ബാധ്യതയില്‍ നിന്ന് രക്ഷനേടുകയും ചെയ്യുന്നു. പൊതുമേഖലാ ബാങ്കുകളുടെ പണം വളഞ്ഞ വഴിയിലൂടെ കൊള്ളയടിക്കാനുള്ള അവസരമാണ് ഇവിടെ കോര്‍പ്പറേറ്റുകള്‍ക്ക് ഒരുക്കുന്നത്.

കടം തിരിച്ചടക്കുന്നതില്‍ വീഴ്ച വരാന്‍ പ്രധാന കാരണം പ്രമോട്ടര്‍മാര്‍ ഇത് വ്യക്തിഗത താല്‍പര്യാര്‍ത്ഥം വിനിയോഗിച്ചതുകൊണ്ടാണ്. വ്യക്തികളെ രക്ഷപ്പെടാന്‍ അനുവദിക്കുന്നതിനാണ് നിയമത്തിലെ സുപ്രധാന ഭാഗം നോട്ടിഫൈ ചെയ്യാത്തത്. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം ദുരൂഹമാണെന്നും ബാങ്ക്റപ്റ്റ്സി നിയമ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ കെ കെ രാഗേഷ് എം പി ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News