രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്തു. ആദ്യ പോസ്റ്റ് മോർട്ടത്തിൽ കണ്ടെത്താത്ത പരിക്കുകൾ റീ പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി.മരണകാരണമായേക്കാവുന്ന വിധത്തിൽ നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നിലും പരിക്കുകൾ ഉണ്ടെന്ന് ജുഡീഷ്യൽ കമ്മീഷൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റിസ് നാരായണക്കുറപ്പിന്റെ സാന്നിദ്ധ്യത്തിലാണ് രാജ്കുമാറിന്റെ മൃതദ്ദേഹം കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തിയത്. ആദ്യത്തെ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താത്ത പരിക്കുകൾ റീ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിട്ടുണ്ട്. കാലുകൾ ബലമായി അകത്തിയതിന്റെ പരിക്കുകൾ മൃതദ്ദേഹത്തിലുണ്ട്. മരണകാരണമായേക്കാവുന്ന വിധത്തിൽ നെഞ്ചിന്റെയും തുടയുടെയും വയറിന്റെയും പിന്നിലും പരിക്കുകൾ ഉണ്ട്. അതിനാൽ മർദ്ദനം മരണകാരണമാകാമെന്ന അനുമാനത്തിലാണ് ഫോറൻസിക് വിദഗ്ധർ.

മൃതദേഹത്തിന്റെ മുഴുവൻ എക്സറേയും എടുത്തു. രണ്ടാഴ്ച്ചക്കുള്ളിൽ പോസ്റ്റ് റിപ്പോർട്ട് ലഭിക്കും. അതേ സമയം ന്യൂമോണിയയാണ് മരണകാരണമെന്നായിരുന്നു ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ ന്യുമോണിയ സ്ഥിരീകരിക്കണമെങ്കിൽ അന്തിമ റിപ്പോർട്ട് വരണം. മൃതദ്ദേഹത്തിൽ നിന്നെടുത്ത ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചു.നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോലാഹലമേട്ടിലെ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.