ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന വനിതാ ക്ഷീരോത്പാദകരുടെ വിവര ശേഖരണം രാജ്യത്ത് ആദ്യം. സാക്ഷരതാ പ്രസ്ഥാനത്തിന് ശേഷം വലിയ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ പരിപാടിയില്‍ ഏകദേശം ഒരു ലക്ഷം വനിതകള്‍ പങ്കെടുക്കും.

സർവ്വേക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി ക്ഷീരസംഘങ്ങളില്‍ എത്തിച്ചിട്ടുണ്ട്. ക്ഷീരസംഘം ജീവനക്കാരും പതിനായിരത്തിലേറെ വരുന്ന വനിതാ ഭരണസമിതി അംഗങ്ങളും സര്‍വ്വേക്ക് മേല്‍നോട്ടം വഹിക്കും. വനിതാ ക്ഷീര കര്‍ഷകര്‍ വളര്‍ത്തുന്ന കന്നുകാലികളുടെ എണ്ണം,പാല്‍ ഉല്‍പാദനം, തീറ്റപ്പുല്‍കൃഷി എന്നിവ സംബന്ധിച്ച വിവരങ്ങള്‍, ക്ഷീരസംഘങ്ങളിലെ അംഗത്വം, ക്ഷീരസഹകരണ മേഖലയിലെ പങ്കാളിത്തം, പ്രായം, വിദ്യാഭ്യാസം, ഭരണപരിചയം, കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ ലഭിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍, ലഭിച്ച പരിശീലനങ്ങള്‍ തുടങ്ങിയവ വിവരശേഖരണത്തില്‍ ഉള്‍പ്പെടും. 2019 ഒക്‌ടോബര്‍ 31ന് സര്‍വ്വേ പൂര്‍ത്തീകരിക്കും. ക്ഷീരസംഘങ്ങള്‍ വഴി ലഭിക്കുന്ന പ്രാഥമിക വിവരങ്ങള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് ജില്ലാതലത്തില്‍ ലഭ്യമാക്കും. ഇവ സംസ്ഥാനതലത്തില്‍ സോഫ്റ്റ്‌വെയര്‍ മുഖേന ക്രോഡീകരിക്കുകയും ചെയ്യും.

സര്‍വ്വേയിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ വനിതകളുടെ സാമൂഹ്യസാമ്പത്തിക ഉന്നമനത്തിനായുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്ന ഘട്ടത്തില്‍ അടിസ്ഥാന വിവരങ്ങളായി സ്വീകരിക്കും. വനിതാക്ഷേമ വികസനവുമായി ബന്ധപ്പെട്ട കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ടുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും സര്‍വ്വേ വിവരങ്ങള്‍ മുതല്‍ക്കൂട്ടാകും.സർവ്വേ മന്ത്രി മേഴ്സികുട്ടിയമ്മ ഉത്ഘാടനം ചെയ്തു മന്ത്രി കെ രാജു ചടങിൽ അദ്ധ്യക്ഷനായിരുന്നു.