അലെയ്ഡ ഗുവേരയ്ക്ക് കേരളത്തിന്റെ ഊഷ്മള വരവേല്‍പ്പ്

വിപ്ലവ ഇതിഹാസം ചെ ഗുവേരയുടെ മകള്‍ക്ക് ഊഷ്മള വരവേല്‍പ്പ്. കേരള സന്ദര്‍ശനത്തിനെത്തിയ ഡോ. അലെയ്ഡ ഗുവേരയ്ക്ക് തലസ്ഥാനത്ത് പ്രൗഢഗംഭീര സ്വീകരണം നല്‍കി. ഞായറാഴ്ച രാത്രി എത്തിയ ഡോ. അലെയ്ഡ തിങ്കളാഴ്ച രാവിലെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഒപ്പമുണ്ടായി.
പിണറായി വിജയനുമായി നടന്ന സംഭാഷണത്തില്‍ ക്യൂബന്‍ യാത്രകളും ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനവും കേരളവുമെല്ലാം നിറഞ്ഞുനിന്നു. സംഭാഷണമധ്യേ എം എ ബേബിയാണ് ക്യൂബന്‍ യാത്രയെക്കുറിച്ച് ഓര്‍മിപ്പിച്ചത്. ‘1994 ല്‍ കൂത്തുപറമ്പ് വെടിവയ്പ് നടക്കുമ്പോള്‍ ക്യൂബയില്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു ഞങ്ങള്‍.’-സമ്മേളനത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അന്നവിടെ ഉണ്ടായിരുന്ന കാര്യം അലെയ്ഡയും പങ്കുവച്ചു.

കേരളത്തിലേക്കുള്ള തന്റെ ആദ്യ യാത്രയും അവര്‍ ഓര്‍മിച്ചു. ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വാദ്യകരമാണെന്നായിരുന്നു അലെയ്ഡയുടെ അഭിപ്രായം. ചെ ഗുവേരയുടെ കുടുംബത്തെക്കുറിച്ചും വിശദമായി മുഖ്യമന്ത്രി അന്വേഷിച്ചറിഞ്ഞു. തന്റെ കുടുംബാംഗങ്ങളെ ഡോ. അലെയ്ഡയ്ക്ക് പരിചയപ്പെടുത്തി. ഒരുമിച്ച് പ്രഭാതഭക്ഷണവും കഴിച്ചു.
തുടര്‍ന്ന് മാസ്‌കറ്റ് ഹോട്ടലിലെത്തി മന്ത്രിമാരായ കെ കെ ശൈലജ, സി രവീന്ദ്രനാഥ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

തുടര്‍ന്ന് എ കെ ജി സെന്ററിലെത്തി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍ തുടങ്ങിയവരും സെന്ററിലുണ്ടായിരുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി. രാത്രി കെടിഡിസിയുടെ കോവളം സമുദ്ര ഹോട്ടലില്‍ ചെയര്‍മാന്‍ എം വിജയകുമാര്‍ സ്വീകരിച്ചു.സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, സിപിഐ എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡോ. ബി ഇക്ബാല്‍, എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും കചര്‍ച്ച നടത്തി.

രണ്ടു ദിവസംകൂടി തിരുവനന്തപുരത്ത് തങ്ങുന്ന ഡോ. അലെയ്ഡ ചൊവ്വാഴ്ച വിവിധ മാധ്യമപ്രതിനിധികളുമായി സംസാരിക്കും. ബുധനാഴ്ച രാവിലെ ഇ എം എസ് അക്കാദമിയും മ്യൂസിയവും ആര്‍ട് ഗ്യാലറിയും സന്ദര്‍ശിക്കും. രാത്രി കണ്ണൂരിലേക്ക് പോകും. ഒന്നിന് കണ്ണൂരിലും രണ്ടിന് അങ്കമാലിയിലും എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുത്തശേഷം മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel