അമ്പൂരി രാഖി കൊലക്കേസില്‍ അന്വേഷണം അഖിലിന്റെ അച്ഛന്‍ മണിയനിലെക്കും നീങ്ങിയേക്കും. മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യും.

രാഖിയെ കൊലപ്പെടുത്തിയതില്‍ അഖിലിനും സഹോദരന്‍ രാഹുലിനും ഉള്ളത് പോലെ ഇവരുടെ പിതാവ് മണിയനും പങ്കുണ്ടെന്ന് രാഖിയുടെ പിതാവ് നേരത്തെ ആരോപിച്ചിരുന്നു.

മണിയന്റെ പങ്ക് അന്വേഷിക്കണമെന്ന് പൊലീസിനോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് കൃത്യമായ തെളിവ് പൊലീസിന് ശേഖരിക്കേണ്ടതുണ്ട്. അതിനു ശേഷം മാത്രമെ പൊലീസ് നടപടിയുണ്ടാകു.

കേസില്‍ നിലവില്‍ റിമാന്റിലുള്ള മൂന്ന് പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. രാഖി എപ്പോള്‍ എവിടെ വച്ചാണ് കൊല്ലപ്പെട്ടത് എന്നതില്‍ വ്യക്തത വരുത്താനാണ് പൊലീസ് ശ്രമം. ഇതിനായി അഖില്‍, രാഹുല്‍, മൂന്നാം പ്രതി ആദര്‍ശ് എന്നിവരെ അമ്പൂരിയിലെ വീട്ടില്‍ എത്തിച്ച് ഒരുമിച്ച് തെളിവെടുപ്പ് നടത്തും. തൊണ്ടിമുതലും കണ്ടെത്താനുണ്ട്.

അതെസമയം, പ്രതി അഖിലിന്റെ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തിയിരുന്നതായി സൂചനയുണ്ട്.

രാഖിയുടെ മൃതദേഹം കണ്ടെത്തിയ ദിവസം തന്നെയാണ് പൊലീസിന് ഒരു കുപ്പി ഫുരി ഡാന്‍ കണ്ടെത്താന്‍ സാധിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ശേഷം കുടുംബം ആത്മഹത്യക്ക് തീരുമാനിച്ചിരുന്നതായി അഖിലിന്റെ മൊഴിയിലുണ്ട്. കൃത്യം നടത്തുന്നതിനെ കുറിച്ച് വീട്ടുക്കാര്‍ക്ക് അറിവുണ്ടായിരുന്നോ എന്നതും ഇനി വ്യക്തമാകണം.