ക്യൂബയിലേക്ക് ചെഗുവേരയ്‌ക്കൊപ്പം കതിവന്നൂര്‍ വീരനും; അലൈഡയ്ക്ക് ഉപഹാരശില്പമൊരുക്കി ഉണ്ണി കാനായി

വിശ്വവിപ്ലവകാരി ചെ ഗുവേരയും കണ്ണൂരിലെ കതിവന്നൂര്‍ വീരന്‍ ദൈവ്വവും നേര്‍ക്കുനേര്‍ നിന്നാല്‍ എങ്ങിനെയിരിക്കും? ഓരോ വടക്കേ മലബാറുകാരനും മനസ്സില്‍ കാണുന്ന ആ ഭാവനയെ ശല്പമാക്കിയിരിക്കുകയാണ് പ്രമുഖ ശില്പി ഉണ്ണി കാനായി.

കണ്ണൂരിലെത്തുന്ന ചെ ഗുവേരയുടെ മകള്‍ ഡോ. അലൈഡ ചെ ഗുവേരയ്ക്ക് ഉപഹാരമായി നല്‍കാനാണ് ഫൈബര്‍ ഗ്‌ളാസില്‍ ഉണ്ണി ശില്പമൊരുക്കിയിരിക്കുന്നത്. രണ്ടര അടി ഉയരവും രണ്ടര അടി വീതിയു മുള്ള ശില്പം രണ്ടാഴ്ച സമയമെടുത്ത് കളിമണ്ണില്‍ നിര്‍മ്മിച്ച ശേഷം പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ മോള്‍ഡ് ചെയ്‌തെടുക്കുകയായിരുന്നു. പിന്നീട് ഫൈബര്‍ ഗ്ലാസിലേക്ക് മാറ്റി മെറ്റാലിക്ക് കളര്‍ ഉപയോഗിച്ചാണ് ശില്പം പൂര്‍ത്തിയാക്കിയത്.

കണ്ണൂരിലെ പ്രാദേശിക തെയ്യം പുരാവൃത്തത്തിലെ വീരനായകനാണ് കതിവന്നൂര്‍ വീരന്‍. മാങ്ങാട്ട് ജനിച്ച മന്ദപ്പനാണ് കതിവന്നൂര്‍ വീരനായത്. നാട്ടുനടപ്പുകളെ ധിക്കരിച്ച് മലമുടിയിലെത്തി ജീവിതം കരുപ്പിടിച്ച് ഒടുവില്‍ വംശീയ യുദ്ധത്തില്‍ രക്തസാക്ഷിയായ വീരനായകനാണ് മന്ദപ്പന്‍. അനീതിക്കും ചൂഷണത്തിനുമെതിരെ ശബ്ദിക്കുന്ന ഒരു ധീരവിപ്ലവകാരിയുടെ രൂപമാണ് ഉത്തര കേരളത്തിലുള്ളവരുടെ മനസ്സില്‍ കതിവന്നൂര്‍ വീരന്.

യാങ്കി ചോറ്റു പട്ടാളത്തിനെതിരായ ഗറില്ലായുദ്ധത്തില്‍ ബൊളിവീയയില്‍ വെച്ച് രക്തസാക്ഷിയായ ചെഗുവേരയും ദൈവ്വത്തെ പോലെ വീരനായകനാണ് കണ്ണൂരുകാരുടെ മനസ്സില്‍. ഏതാണ്ട് സമാന വെല്ലുവിളികളെ നേരിട്ട പോരാളികളായാണ് രണ്ട് മുഖരൂപങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ശില്പത്തിന്റെ പ്രതിപാദ്യം.

ലോകമെങ്ങും തിളങ്ങി നില്‍ക്കുന്ന വിപ്ലവ നക്ഷത്രം തലയിലേന്തി നില്‍ക്കുന്ന ചെ, ഒപ്പം ചന്ദ്രക്കലയും ചെക്കിപ്പൂക്കളുമണിഞ്ഞ് നില്‍ക്കുന്ന കതിവന്നൂര്‍ വീരനും- രണ്ടും കണ്ണൂരുകാരുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രതിരൂപമാണെന്ന് ശില്പം പറയുന്നു. മിത്തും ചരിത്രവും ഒന്നാവുന്ന കണ്ണൂരിന്റെ ചുവപ്പന്‍ രാഷട്രീയത്തിന് ക്യൂബോയോടുള്ള ഐക്യദാര്‍ഡ്യം കൂടീയാണ് അലൈഡ ചെ ഗുവേരയ്ക്ക് ശില്പം സമ്മാനിക്കുന്നതിലൂടെ ഉണ്ണി ലക്ഷ്യമാക്കുന്നത്.

ആഗസ്ത് 1 ന് കണ്ണൂരില്‍ സമതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയില്‍ സംഘാടകര്‍ ശില്പം അലൈഡയ്ക്ക് കൈമാറും. ഉപഹാരത്തിന്റെ ഫോട്ടോ കണ്ട അലൈഡ ശില്പം ക്യൂബയിലേക്ക് കൊണ്ടു പോകുമെന്നും മ്യൂസിയത്തില്‍ സൂക്ഷിക്കുമെന്നും അറിയിച്ചതായി ഉണ്ണി കാനായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News