‘വഞ്ചിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല എല്ലാത്തിനും ഞാന്‍ മാത്രമാണ് ഉത്തരവാദി’; സിദ്ധാര്‍ഥയുടെ കത്ത് പുറത്ത്

കഴിഞ്ഞദിവസം മുതല്‍ കാണാതായ മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണയുടെ മരുമകനും കഫേ കോഫീ ഡേ ശൃംഖലയുടെ സ്ഥാപകനുമായ വി.ജി. സിദ്ധാര്‍ഥ അവസാനമെഴുതിയ കത്ത് പുറത്ത്.

കഫേ കോഫി ഡേ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കുമെഴുതിയ കത്താണ് പുറത്തുവന്നിരിക്കുന്നത്. കഫേ കോഫി ഡേ 7000 കോടി രൂപയുടെ നഷ്ടത്തിലായിരുന്നെന്നും കമ്പനിയുടെ സാമ്പത്തികനഷ്ടങ്ങള്‍ക്ക് താന്‍ മാത്രമാണ് ഉത്തരവാദിയെന്നും സിദ്ധാര്‍ഥ കത്തില്‍ സൂചിപ്പിച്ചിരുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഫേ കോഫി ഡേയുടെ എല്ലാ സ്വത്തുക്കളുടെയും ബാധ്യതകളുടെയും വിവരങ്ങളും സിദ്ധാര്‍ഥ കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു സംരഭകനെന്ന നിലയില്‍ താന്‍ പരാജയപ്പെട്ടെന്നും ആരെയും വഞ്ചിക്കാനും തെറ്റിദ്ധരിപ്പിക്കാനും താന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്നും കത്തില്‍ പറയുന്നു.

ഒരുദിവസം നിങ്ങളെല്ലാം എന്നെ മനസിലാക്കുമെന്നും എന്നോട് ക്ഷമിക്കുമെന്നും അദ്ദേഹം കത്തില്‍ എഴുതിയിട്ടുണ്ട്. വി.ജി. സിദ്ധാര്‍ഥയുടെ കത്തിന്റെ ചുരുക്കം ഇങ്ങനെ:- കുറേനാള്‍ ഞാന്‍ പോരാടി, പക്ഷേ ഇന്ന് ഞാന്‍ അടിയറവ് പറയുകയാണ്.

ഓഹരി പങ്കാളികളില്‍ ഒരാള്‍ ഓഹരികള്‍ മടക്കി വാങ്ങാന്‍ സമ്മര്‍ദം ചെലുത്തി. അതിനെതുടര്‍ന്നുണ്ടായ സമ്മര്‍ദ്ദവും ആറുമാസം മുന്‍പ് ഒരു സുഹൃത്തിന്റെ കൈയില്‍നിന്ന് കടംവാങ്ങിയ വലിയതുകയുടെ സമ്മര്‍ദ്ദവും ഇനിയെനിക്ക് താങ്ങാനാകില്ല. ഇതിനുപുറമേ മറ്റു ചില കടക്കാരില്‍നിന്നുള്ള സമ്മര്‍ദ്ദവും എന്നെ പ്രയാസത്തിലാക്കി.

മൈന്‍ഡ് ട്രീയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ മുടക്കാന്‍ ആദായനികുതി വകുപ്പ് രണ്ടു തവണ ശ്രമിച്ചു. ആദായനികുതി വകുപ്പില്‍നിന്നും ഒരുപാട് ഉപദ്രവം നേരിട്ടു.

ഈ വ്യവസായങ്ങളെല്ലാം ഒരു പുതിയ മാനേജ്മെന്റിന് കീഴില്‍ ശക്തമായി മുന്നോട്ടുപോകാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.

എല്ലാ തെറ്റുകള്‍ക്കും ഞാന്‍ മാത്രമാണ് ഉത്തരവാദി. എല്ലാ സാമ്പത്തിക ഇടപാടുകളും എന്റെ മാത്രം ഉത്തരവാദിത്തമാണ്.

എന്റെ ടീമംഗങ്ങള്‍ക്കും ഓഡിറ്റര്‍മാര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഇതൊന്നുമറിയില്ല. എന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരില്‍നിന്നും ഞാന്‍ ഈ വിവരങ്ങള്‍ മറച്ചുവച്ചു എന്നതായിരുന്നു കത്തിലെ ഉളളടക്കം.

കേരളത്തിലേക്കുളള യാത്രക്കിടെ മംഗലാപുരത്തിനിടുത്തുള്ള നേത്രാവതി നദി പാലത്തിന് സമീപത്ത് നിന്ന്് തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഇയാളെ കാണാതായത്.

നദിയില്‍ ചാടിയതാണെന്ന നിഗമനത്തില്‍ നേത്രാവതി നദിയില്‍ പോലീസ് തിരച്ചില്‍ നടത്തി വരികയാണ്. തിങ്കളാഴ്ച ചിക്കമംഗളൂരുവിലേക്ക് ഒരു ബിസിനസ് യാത്ര പോയിരുന്നു.

അവിടെ നിന്ന് കേരളത്തിലേക്കായിരുന്നു വരേണ്ടിയിരുന്നത്. ഇന്നോവ കാറില്‍ സിദ്ധാര്‍ത്ഥിനൊപ്പം ഡ്രൈവറുമുണ്ടായിരുന്നു.

എന്നാല്‍ മംഗളൂരു ദേശീയ പാതയ്ക്ക് സമീപമെത്തിയപ്പോള്‍ ഡ്രൈവറോട് വാഹനം നിറുത്താന്‍ ആവശ്യപ്പെടുകയും ഇറങ്ങി പോകുകയുമായിരുന്നു.

എന്നാല്‍ ഏറെ സമയം കഴിഞ്ഞിട്ടും ഇയാള്‍ തിരിച്ചു വരാത്തതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്നും തുടര്‍ന്ന് ഡ്രൈവര്‍ കുടുംബാംഗങ്ങളെ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നെവെന്നും ഡ്രൈവര്‍ പറയുന്നു.

തന്നോട് വാഹനം നിറുത്താന്‍ പറഞ്ഞ സമയത്ത് സിദ്ധാര്‍ത്ഥ് ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നുവെന്നുമാണ് ഡ്രൈവര്‍ പോലീസിനോട് പറഞ്ഞത്.

എസ്.എം.കൃഷ്ണയുടെ മൂത്തമകള്‍ മാളവികയുടെ ഭര്‍ത്താവാണ് സിദ്ധാര്‍ത്ഥ്. ഇവര്‍ക്ക് രണ്ട് ആണ്‍ മക്കളുണ്ട്. കഫേ കോഫിഡേ ശൃംഖലകള്‍ക്ക് പുറമേ ഹോസ്പിറ്റാലിറ്റി ശൃംഖലയും സിദ്ധാര്‍ഥിനുണ്ട്. നിരവധി കാപ്പിത്തോട്ടങ്ങളുടെ ഉടമ കൂടിയാണ് സിദ്ധാര്‍ഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News