കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ വീണ്ടും എസ്എഫ്ഐക്ക്; വിജയം മുഴുവന്‍ സീറ്റുകളിലും വന്‍ഭൂരിപക്ഷത്തോടെ

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല യൂണിയന്‍ വീണ്ടും എസ്എഫ്ഐക്ക്.

മുഴുവന്‍ സീറ്റുകളിലും വന്‍ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐയുടെ വിജയം. 123 കൗണ്‍സിലര്‍മാരില്‍ 112 പേര്‍ വോട്ട് ചെയ്തപ്പോള്‍ 75 വോട്ടുകളാണ് എസ്എഫ്ഐ നേടിയത്.

മോറാഴ സ്റ്റെംസ് കോളേജ് ബിരുദ വിദ്യാര്‍ഥിനിയും ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ ശിശിരയാണ് ചെയര്‍പേഴ്‌സണ്‍. ശിശിരയ്ക്ക് 75 വോട്ട് ലഭിച്ചപ്പോള്‍ കെഎസ്യു എംഎസ്എഫ് സംഖ്യത്തിന്റെ സ്ഥാനാര്‍ഥി അലന്‍ ജോ റെജിക്ക് 38 വോട്ടുമാത്രമേ നേടാനായുള്ളൂ

ജനറല്‍ സെക്രട്ടറിയായി മുന്നാട് പീപ്പിള്‍സ് കോളേജ് ബിരുദ വിദ്യാര്‍ഥിയും കാസര്‍കോട് ജില്ലാ കമ്മിറ്റിയംഗവുമായ ടി കെ വിഷ്ണുരാജാണ് തെരഞ്ഞെടുക്കപ്പെട്ടത്. 37 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനാര്‍ഥി കെ അഷ്റഫിനെ പരാജയപ്പെടുത്തിയത്.

പിലാത്തറ കോ- ഓപ്പറേറ്റീവ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലെ പി ദര്‍ശനയാണ് ലേഡി വൈസ് ചെയര്‍പേഴ്സണ്‍. 38 വോട്ടുകള്‍ക്കാണ് എതിര്‍സ്ഥാനര്‍ഥി ഷബാനയെ ദര്‍ശന പരാജയപ്പെടുത്തിയത്. വൈസ് ചെയര്‍മാനായി നീലേശ്വരം ഡോ. പി കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസിലെ എ വി അനൂപിനെയും ജോയിന്റ് സെക്രട്ടറിയായി പയ്യന്നൂര്‍ കോളേജിലെ പ്രണവ് പ്രഭാകരനെയും തെരഞ്ഞെടുത്തു.

കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി ടി പി അഭിരാമി (ചീമേനി ഐഎച്ച്ആര്‍ഡി കോളേജ്), കണ്ണൂര്‍ ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി അഭിരാഗ് ചന്ദ്രന്‍ (കല്യാശേരി ആംസ്റ്റക് കോളേജ് ) എന്നിവരെയും തെരഞ്ഞെടുത്തു. വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗമായി മാനന്തവാടി ക്യാമ്പസിലെ പിജി വിദ്യാര്‍ഥിയും എസ്എഫ്‌ഐ പനമരം ഏരിയാ കമ്മിറ്റി അംഗവുമായ കെ ആര്‍ ശ്രീഹരി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here