അന്തോണി ദാസൻ മാജിക്ക് മലയാളത്തിൽ; വിഷ്‌ണു വിജയുടെ സംഗീതത്തിൽ ‘അമ്പിളി’ ഗാനങ്ങൾ

നാടൻ പാട്ടുകളുടെ തമിഴ് മൊഴി അന്തോണി ദാസൻ വീണ്ടും മലയാളത്തിൽ തരംഗം തീർക്കുന്നു. “അമ്പിളി” എന്ന ചിത്രത്തിലെ ‘ഞാൻ ജാക്സനല്ലെടാ..’ എന്ന് തുടങ്ങുന്ന ഗാനമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായിരിക്കുന്നത്. വിഷ്ണു വിജയ് ആണ് അമ്പിളിയിലെ ഗാനങ്ങൾ എല്ലാം ഒരുക്കിയിരിക്കുന്നത്. തന്റെ ആദ്യ ചിത്രമായ ഗപ്പിയിലൂടെ മികച്ച പശ്ചാത്തല സംഗീതമൊരുക്കിയതിനുള്ള അവാർഡ് വിഷ്ണു വിജയ് സ്വന്തമാക്കിയിരുന്നു.

ദേവി ശ്രീ പ്രസാദ്, വിജയ് ആന്റണി, ജി വി പ്രകാശ്, വിദ്യാസാഗർ, ഔസേപ്പച്ചൻ, ഗോപി സുന്ദർ, ദീപക് ദേവ് തുടങ്ങിയവർക്ക് ഒപ്പം പ്രവർത്തിച്ചതിന് ശേഷമാണ് ആദ്യ ചിത്രമായ ഗപ്പിയിൽ വിഷ്ണു സംഗീതം ഒരുക്കിയത്. വ്യത്യസ്തമാർന്ന ആലാപന ശൈലികൊണ്ട് ആസ്വാദകരുടെ മനസ്സിൽ ഇടം നേടിയെടുത്ത ഗായകനാണ് അന്തോണി ദാസൻ. നാടൻ പാട്ടുകളിലൂടെയാണ് തമിഴകത്ത് അദ്ദേഹം പ്രശസ്തനായത്. റോക്സ്റ്റയിലിൽ അദ്ദേഹം അവതരിപ്പിക്കുന്ന പാട്ടുകൾ എല്ലാം തന്നെ ഹിറ്റുകളാണ്. 2008-ലാണ് അന്തോണിദാസൻ പാടിയ ആദ്യ സിനിമ പുറത്തിറങ്ങിയത് കരുണാസ് നായകനായ ഡിണ്ടികൽ സാരഥി എന്ന ചിത്രം. ദിന സംഗീതമൊരുക്കിയ ചിത്രത്തിലെ പാട്ട് ശ്രദ്ധിക്കപ്പെട്ടുവെങ്കിലും തുടർന്ന് അടുത്ത ചിത്രത്തിനായി 2013 വരെ കാത്തിരിക്കേണ്ടിവന്നു അന്തോണിദാസന്. ആദ്യ ചിത്രം മുതൽ അന്തോണി ദാസ് പാടിയ പാട്ടുകളെല്ലാം പ്രേക്ഷക ശ്രദ്ധ നേടിയവയാണ്.

ഗപ്പി, അഡ്വഞ്ചേർസ് ഓഫ് ഓമനക്കുട്ടൻ, ജാലിയൻ വാലാബാഗ്, റോസാപ്പൂ, ആൻ ഇന്റർനാഷണൽ ലോക്കൽസ്റ്റോറി ഇപ്പോൾ അമ്പിളി തുടങ്ങി മലയാളത്തിൽ ഇതുവരെ ആറ് ചിത്രങ്ങളിലാണ് അന്തോണിദാസ് പാടിയിരിക്കുന്നത്. അമ്പിളി ടീമിന്റെ ആദ്യ ചിത്രമായ ഗപ്പിയിലൂടെ സംഗീത സംവിധായകൻ വിഷ്ണു വിജയ് ആണ് അന്തോണിദാസനെ മലയാളത്തിലേക്ക് എത്തിച്ചത്.

അന്ന് ഗപ്പിയിൽ അദ്ദേഹം പാടിയ പാട്ട് വളരെയധികം ശ്രദ്ധ നേടിയിരുന്നു. വിനായക് ശശികുമാർ രചിച്ച ഗബ്രിയേലിന്റെ ദര്‍ശനസാഫല്യമായ് എന്ന ഗാനം സംഗീതവും വരികളും ആലാപന ശൈലിയും ചിത്രീകരണത്തിലെ പ്രത്യേകത കൊണ്ടും പുതുമസമ്മാനിച്ചിരുന്നു. അതെ ഫ്രഷ്നസാണ് അമ്പിളിയെ ഗാനത്തെയും ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുക്കുന്നതിന് കാരണമായിരിക്കുന്നത് സൗബിൻ ഷാഹിറാണ് അന്തോണിദാസ് പാടിയ പാട്ടിന് വെള്ളിത്തിരയിൽ ജീവൻ കൊടുത്തിരിക്കുന്നത്. അമ്പിളിയിലെ അടുത്ത ഗാനം ഇന്ന് എത്തുമ്പോൾ അതും പ്രേക്ഷക ശ്രദ്ധ നേടുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

ടോവിനോ തോമസ് നായകനായെത്തിയ ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അമ്പിളി’. സൗബിന്‍ ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്. ചിത്രത്തിലീടെ നടി നസ്രിയ നസിമിന്റെ സഹോദരന്‍ നവീന്‍ നസീം മലയാള സിനിമയിലേക്കെത്തുകയാണ്. പുതുമുഖ താരം തന്‍വി റാം ആണ് നായിക. ജാഫര്‍ ഇടുക്കി, വെട്ടുകിളി പ്രകാശ്, നീന കുറുപ്പ്, ശ്രീലത നമ്പൂതിരി, സൂരജ്, ബീഗം റാബിയ, പ്രേമന്‍ ഇരിഞ്ഞാലക്കുട, മുഹമ്മദ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്, എവിഎ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, എ വി അനൂപ്, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News