ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചു. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ ‘ഗുരുവന്ദന’ത്തിന്റെ പേരിലായിരുന്നു കാല്‍ കഴുകിക്കല്‍. കോട്ടയം പള്ളിക്കത്തോട് അരവിന്ദ പബ്ലിക് സ്‌കൂളിലാണ് കുട്ടികളെക്കൊണ്ട് അധ്യാപകരുടെ കാലുകഴുകി തുടപ്പിച്ചത്.

വിദ്യാര്‍ഥികള്‍ കാല്‍ കഴുകുന്ന ചിത്രം സ്‌കൂളിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്കിലും പ്രചരിച്ചതോടെ സംഭവം വിവാദമായി. ഹീനമായ പ്രവര്‍ത്തിയാണെന്ന അഭിപ്രായം വിവിധയിടങ്ങളില്‍ നിന്നുയര്‍ന്നു. വിവാദമായതോടെ സ്‌കൂളിന്റെ സൈറ്റില്‍നിന്ന് ചിത്രം അപ്രത്യക്ഷമായി.

ഹയര്‍സെക്കന്‍ഡറി വരെ ഓരോ ക്ലാസില്‍ നിന്നും രണ്ട് വിദ്യാര്‍ഥികളെ വീതമാണ് അധ്യാപകരുടെ കാല്‍ കഴുകാന്‍ തെരഞ്ഞെടുത്തത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ സ്‌കൂളിലെ മുഴുവന്‍ അധ്യാപകരുടെയും കാല്‍കഴുകി തുടപ്പിച്ചു. നിലവിളക്കിനുസമീപം അധ്യാപകരെ കസേരയില്‍ ഇരുത്തിയായിരുന്നു ചടങ്ങ്. സംഭവത്തില്‍ രക്ഷിതാക്കള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

മുമ്പ് ഈ സ്‌കൂളിനെ ആര്‍എസ്എസ് ആയുധപ്പുരയും പരിശീലന കേന്ദ്രവുമാക്കിയത് വിവാദമായിരുന്നു. കണ്ണൂരില്‍ നിന്നുള്ള പ്രവര്‍ത്തകരടക്കം നൂറ്റമ്പത് പേര്‍ക്കാണ് 20 ദിവസം നീണ്ട പരിശീലനം നല്‍കിയത്.