45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കും; ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം കേരളം വഹിക്കും: പിണറായി വിജയന്‍

കേരളത്തിൽ 45 മീറ്ററിൽ ദേശീയപാതയുടെ നിർമാണം ഉടൻ ആരംഭിക്കാൻ തീരുമാനമായെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. റോഡ്‌ ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരിയുമായി നടത്തിയ ചർച്ചയിലാണ്‌ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങളെല്ലാം തീർപ്പാക്കിയത്‌.

ഭൂമി ഏറ്റെടുക്കുന്നതിനുള്ള തുകയുടെ 25 ശതമാനം വഹിക്കാമെന്ന്‌ കേരളം ഉറപ്പുനൽകി. പാർലമെന്റ്‌ സമ്മേളനം കഴിഞ്ഞ്‌ അതോറിറ്റി ഉദ്യോഗസ്ഥർ കേരളത്തിലെത്തി നടപടികൾക്ക്‌ അന്തിമരൂപം നൽകും.

കോഴിക്കോട്‌ ബൈപാസ്‌ നിർമാണം ഉടൻ ആരംഭിക്കാൻ ആവശ്യമായ നടപടിയെടുക്കുമെന്ന്‌ നിതിൻ ഗഡ്‌കരി ഉറപ്പു നൽകി. കുതിരാൻ തുരങ്ക പാതയുടെ നിർമാണം കരാറുകാരന്റെ വീഴ്‌ചകാരണം മുടങ്ങി.

ഇതിന്‌ ബദൽ നടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ടു. വനംവകുപ്പിന്റെ തടസ്സങ്ങൾ പരിഹരിക്കും. കാസർകോട്‌ ജില്ലയിൽ ദേശീയപാത നിർമാണത്തിന്‌ പൂർണസജ്ജമാണ്‌.

ഇവിടെ ഉടൻ നിർമാണം തുടങ്ങാനാകും. ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം വഹിക്കാമെന്ന്‌ ജൂൺ 15ന്‌ നടത്തിയ ചർച്ചയിൽ സംസ്ഥാനം അറിയിച്ചിരുന്നു.

50 ശതമാനം വഹിക്കണമെന്നതായിരുന്നു കേന്ദ്രത്തിന്റെ മുൻ നിലപാട്‌–- മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്‌ചയിൽ എംപിമാരായ എളമരം കരീം, കെ കെ രാഗേഷ്‌, ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, മാധ്യമ ഉപദേഷ്ടാവ്‌ ജോൺ ബ്രിട്ടാസ്‌ എന്നിവരും ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News