ഒറ്റ ഫോണ്‍വിളിയില്‍ നടത്തിയ ആ ജനാധിപത്യക്കുരുതിക്ക് ഇന്ന് അറുപത് വയസ്‌

ലോകചരിത്രത്തിൽ ആദ്യമായി ബാലറ്റിലൂടെ അധികാരത്തിലേറിയ  കമ്യൂണിസ്‌റ്റ്‌ സർക്കാരിനെ  കേന്ദ്രസർക്കാർ പിരിച്ചുവിട്ടത്‌ ഒരു ഫോൺ വിളിയിൽ. ഭരണഘടനയിലെ 356–-ാം വകുപ്പ്‌ പ്രകാരം സംസ്ഥാന സർക്കാരിനെ  പിരിച്ചുവിടാൻ രാഷ്ട്രപതിക്ക്‌  ഗവർണറുടെ റിപ്പോർട്ട്‌ രേഖാമൂലം ലഭിക്കണം.

എന്നാൽ, 1957 ലെ ഇ എം എസ്‌ സർക്കാരിനെതിരായ റിപ്പോർട്ട്‌ ചെന്നൈ വഴിയുള്ള വിമാനത്തിൽ  ദൂതൻ വഴിയാണ്‌ കൊണ്ടുപോയത്‌. ഒരുദിവസം വൈകിയേ ഇത്‌ ഡൽഹിയിൽ രാഷ്ട്രപതിക്ക്‌ കിട്ടൂ. ഇതൊഴിവാക്കാൻ വിമാനത്തിൽവച്ചുതന്നെ റിപ്പോർട്ടിന്റെ ഉള്ളടക്കം  ടെലിഫോൺവഴി  ഡൽഹിയിൽ അറിയിക്കാൻ ഇന്റലിജൻസ്‌ ബ്യൂറോക്ക്‌  കേന്ദ്രസർക്കാർ നിർദേശം നൽകി.

ഗവർണറുടെ റിപ്പോർട്ട്‌ മുഴുവൻ അങ്ങനെ ടെലിഫോൺ വഴിയാണ്‌ ഡൽഹിയിൽ അറിയിച്ചത്‌. ഈ ടെലിഫോൺ റിപ്പോർട്ടിന്റെ മറവിലാണ്‌  നെഹ്‌റു സർക്കാർ ഇ എം എസ്‌ സർക്കാരിനെ 1959 ജൂലൈ 31ന്‌ പിരിച്ചുവിട്ടതും രാഷ്ട്രപതിഭരണം ഏർപ്പെടുത്തിയതും.  വിമോചന സമരാഭാസത്തിന്റെ മറവിൽ നടന്ന, സമാനതകളില്ലാത്ത ജനാധിപത്യധ്വംസനത്തിന്‌ ബുധനാഴ്‌ച ആറു പതിറ്റാണ്ട്‌ തികയുന്നു.

1957 ഏപ്രിൽ  അഞ്ചിനാണ്‌  ഇ  എം എസ്‌ മുഖ്യമന്ത്രിയായി അധികാരമേറ്റത്‌.  ലോകം ശ്രദ്ധിച്ച പുരോഗമന ആശയമുള്ള സർക്കാരിന്റെ തുടക്കമായിരുന്നു അത്‌. ആ മന്ത്രിസഭയിലെ ജീവിച്ചിരിക്കുന്ന ഏക അംഗം കെ ആർ ഗൗരിയമ്മ. റവന്യൂ–- എക്‌സൈസ്‌ മന്ത്രിയായിരുന്നു അവർ. പിരിച്ചുവിടുംവരെ  28 മാസം  വിപ്ലവകരമായ  നടപടികളാണ്‌ സർക്കാർ സ്വീകരിച്ചത്‌.

ഭൂപരിഷ്‌കരണം, കർഷകബന്ധ ബിൽ, വിദ്യാഭ്യാസ മേഖലയുടെ ജനാധിപത്യവൽക്കരണം,  മിനിമംകൂലി വർധന, ജനകീയ പൊലീസ്‌ നയം തുടങ്ങിയവ ഇതിൽ പ്രധാനമാണ്‌.  ഇതിലെല്ലാം പകച്ചുപോയ  കോൺഗ്രസ്‌ ജാതിമത ശക്തികളുടെയും  പിന്തിരിപ്പൻമാരെയും മുന്നിൽനിർത്തി വിമോചന സമരത്തിന്‌ തുടക്കമിട്ടു.

ഒടുവിൽ ജാതിമത ശക്തികളുടെയും വിദ്യാഭ്യാസക്കച്ചവടക്കാരുടെയും ജന്മിമാരുടെയും താൽപ്പര്യം സംരക്ഷിക്കാൻ  അന്നത്തെ കേന്ദ്രസർക്കാർ ഗവർണർ കൃഷ്‌ണറാവുവിനെക്കൊണ്ട്‌  റിപ്പോർട്ടുണ്ടാക്കി സർക്കാരിനെ പിരിച്ചുവിടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News