ഉന്നാവോ പെണ്‍കുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് മറച്ച് വച്ചത് സുപ്രീംകോടതി ജീവനക്കാരെന്ന് സൂചന

ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയ്ക്ക് ഉന്നാവോ പെണ്‍കുട്ടിയച്ച കത്ത് മറച്ച് വച്ചത് സുപ്രീംകോടതി ജീവനക്കാരെന്ന് സൂചന. ജൂലൈ പന്ത്രണ്ടാം തിയതി അയച്ച കത്ത് ശ്രദ്ധയില്‍പ്പെടുത്താതിന് ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയി സുപ്രീംകോടതി സെക്രട്ടറി ജനറലില്‍ നിന്നും വിശദീകരണം തേടി. കത്ത് നാളെ സുപ്രീംകോടതി പരിഗണിക്കും. പീഡന കേസിലെ ഇരകള്‍ യുപിയില്‍ സുരക്ഷിതരല്ലെന്ന് പോക്സോ കേസുകളിലെ അമിക്കസ്‌ക്യൂറി സുപ്രീംകോടതിയെ അറിയിച്ചു.

ജൂലൈ ഏഴിനും എട്ടിനും ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിന്റെ സഹോദരനും അനുയായികളും വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന് അറിയിച്ചാണ് പെണ്‍കുട്ടി ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗോഗോയിക്ക് കത്തെഴുതിയത്. ജൂലൈ പന്ത്രണ്ടിന് അയച്ച കത്തില്‍ ഭീഷണിപ്പെടുത്തുന്നതിന്റെ തെളിവുകളും ഉള്‍പ്പെടുത്തിയിരുന്നു.പക്ഷെ കത്ത് ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയില്ല.ഇന്നലെ മാധ്യമങ്ങളിലൂടെയാണ് കത്തിന്റെ കാര്യമറിഞ്ഞതെന്ന് ചീഫ് ജസ്റ്റിസിനോട് അടുത്തവൃത്തങ്ങള്‍ അറിയിച്ചു.

കത്ത് ലഭിക്കാത്തതിനെക്കുറിച്ച് സുപ്രീംകോടതി സെക്രട്ടറി ജനറല്‍ സഞ്ചീവ് ഖാന്‍ഘോല്‍ക്കറിനോട് അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും രജ്ന്‍ ഗോഗോയി നിര്‍ദേശിച്ചു. പെണ്‍കുട്ടിയുടെ കത്ത് ഹര്‍ജിയായി പരിഗണിച്ച് നാളെ കേസില്‍ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനിച്ചു.പോക്സോ കേസുകളില്‍ സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ക്യൂറിയായ മുതിര്‍ന്ന അഭിഭാഷകന്‍ വി.ഗിരി ഉത്തര്‍പ്രദേശിലെ ലൈഗീക പീഡന കേസിലെ ഇരകളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക കോടതിയോട് പങ്ക് വച്ചു.

ഇരകള്‍ക്കും സാക്ഷികള്‍ക്കും സുരക്ഷിതത്വം നല്‍കാന്‍ യുപിയില്‍ സംവിധാനമില്ലെന്ന് അദേഹം ചൂണ്ടികാട്ടി.നാളെ ഉന്നാവ കോസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തിലും സുപ്രീംകോടതി വാദം കേള്‍ക്കും.പീഡന കേസ് യുപിയ്ക്ക് പുറത്തേയ്ക്ക് മാറ്റണമെന്ന ആവിശ്യപ്പെട്ടുള്ള പെണ്‍കുട്ടിയുടെ അപേക്ഷയില്‍ സുപ്രീംകോടതി തുടര്‍വാദം കേള്‍ക്കാത്തതിലും ദുരൂഹത. ഏപ്രില്‍ മാസം പെണ്‍കുട്ടിയുടെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാറിനും യുപി സര്‍ക്കാരിനും നോട്ടീസ് അയക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.

സാധാരണ നടപടി ക്രമം അനുസരിച്ച് ആറ് ആഴ്ച്ചയ്ക്കകം കേസ് വീണ്ടും വാദത്തിനെടുക്കേണ്ടതാണ്. എന്നാല്‍ മൂന്ന് മാസം പിന്നിട്ടിട്ടും കോടതി നോട്ടീസ് ഹര്‍ജിക്കാര്‍ക്ക് ആര്‍ക്കും സുപ്രീംകോടതി ജീവനക്കാര്‍ അയച്ച് നല്‍കിയിട്ടില്ലെന്ന് ഇംഗ്ലീഷ് ദിനപത്രമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം ഉന്നാവ അപകടത്തില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ബിജെപി എം.എല്‍.എ കുല്‍ദീപ് സെന്‍ഗാര്‍,യുപി മന്ത്രി രണ്‍വീര്‍ സിങ്ങിന്റെ പുത്രന്‍ അരുണ് സിങ്ങ് എന്നിവരടക്കം പത്ത് പേര്‍ക്കെതിരെയാണ് കേസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News