കാര്‍ഷിക മേഖലയുടെ സമൃദ്ധിക്കായ് കൂടുതല്‍ അയല്‍ക്കൂട്ട അംഗങ്ങളെ ഉള്‍പ്പെടുത്തും: മന്ത്രി ടി പി രാമകൃഷ്ണന്‍

കാര്‍ഷിക മേഖലയില്‍ നിലവില്‍ 10 ശതമാനത്തില്‍ താഴെ അയല്‍കൂട്ടങ്ങളിലെ അംഗങ്ങള്‍ മാത്രമാണുള്ളത്. മുപ്പത് ശതമാനം അയക്കൂട്ട അംഗങ്ങളെയെങ്കിലും ഉള്‍പ്പെടുത്തി ഗ്രൂപ്പ് രൂപീകരിക്കാനും ഒരു സിഡിഎസിനു കീഴില്‍ 10 ഏക്കര്‍ തരിശ് നിലമെങ്കിലും കൃഷിയോഗ്യമാക്കാനും വിഭാവനം ചെയ്യുന്നതായി തൊഴില്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു .

കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച സമൃദ്ധി കാര്‍ഷിക ക്യാമ്പയിന്‍ ജില്ലാതല ഉദ്ഘാടനം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന സമൃദ്ധി പദ്ധതിയുടെ വിജയത്തിനായി ചിങ്ങം ഒന്നോടെ 8000 കുട്ടുത്തരവാദ ഗ്രൂപ്പ് രൂപീകരിച്ച് സംഘകൃഷി ആരംഭിക്കാന്‍ ലക്ഷ്യമിടുകയാണ്, കൃഷിയിലൂടെ കാര്‍ഷിക രംഗത്ത് ശക്തമായ സാന്നിധ്യമാകാന്‍ കുടുംബശ്രീ തയ്യാറെടുക്കുകയാണ്.

ഉല്പാദനത്തോടൊപ്പം മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണത്തിനും വിപണനത്തിനും കേരളത്തില്‍ വലിയ സാധ്യതകളുണ്ട്. തരിശ് നില കൃഷിയിലൂടെ നിലവില്‍ ആയിരകണക്കിന് ഏക്കറില്‍ സംസ്ഥാന തലത്തില്‍ കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട് .ഇനി മുതല്‍ ഒരു ഭൂമിയും തരിശായി കിടക്കാന്‍ പാടില്ലെന്നതാണ് നമ്മുടെ ലക്ഷ്യം .

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി വലിയ വിജയമാണ് ഉണ്ടാക്കിയത്. വിഷമില്ലാത്ത ഭക്ഷണവും ശുദ്ധജലവും ഓരോ മനുഷ്യന്റെയും അവകാശമാണ് ജൈവ പച്ചക്കറി കൃഷിയും നമ്മുടെ നാട്ടില്‍ വലിയ വിജയമാണ്. വില കൊടുത്ത് വിഷം വാങ്ങുന്ന അവസ്ഥ ഉണ്ടാകരുത് .സ്ത്രീ ശാക്തീകരണത്തിന്റെ വിജയഗാഥ മനസിലാക്കാന്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കുടുംബശ്രീ മിഷനിലേക്ക് ധാരാളം പേര്‍ എത്തുന്നുണ്ട് .

ചെറുവണ്ണൂര്‍ പഞ്ചായത്ത് കാര്‍ഷിക മേഖലയില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഇത് അഭിമാനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു . കൃഷി സംഘങ്ങള്‍ രൂപീകരിച്ചും ശക്തിപ്പെടുത്തിയും വനിതകളെയും പുത്തന്‍ തലമുറയേയും കാര്‍ഷിക പ്രവര്‍ത്തനങ്ങളിലേക്ക് ആകൃഷ്ടരാക്കുന്നതിനായ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വൈവിധ്യങ്ങളായ പരിപാടികളാണ് സമൃദ്ധി യില്‍ സംസ്ഥാനത്ത് വിഭാവനം ചെയ് തിട്ടുള്ളത്.

കാര്‍ഷിക പ്രശ്‌നോത്തരി വിജയികളായ ഗീത കെ കെ, ശ്രീമണി, ഷീജ എന്നിവര്‍ക്ക് സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശേരി അധ്യഷത വഹിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel