കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ചാവക്കാട് കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയെന്ന് തുറന്ന് സമ്മതിച്ച് മുല്ലപ്പള്ളി

കെഎസ് യു പ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്നത് എസ്ഡിപിഐയെന്ന് തുറന്ന് സമ്മതിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.കൊലയ്ക്ക് പിന്നില്‍ എസ്ഡിപിഐ ആണെന്ന് തുറന്ന് സമ്മതിക്കാതെയായിരുന്നു മുല്ലപ്പള്ളിയുടെ ആദ്യ പ്രതികരണം.കോണ്‍ഗ്രസി പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എസ്ഡിപിഐയുടെ പേര് പരാമര്‍ശിക്കാന്‍ കെപിസിസി പ്രസിഡന്റ് തയ്യാറായത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുല്ലപ്പള്ളി കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് തുറന്നു പറഞ്ഞത്.

പോസ്റ്റിന്റെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ;
‘ ചോര മണക്കുന്ന കഠാരയും വര്‍ഗ്ഗീയ വിഷവുമായി നില്‍ക്കുന്ന എസ് ഡി പി ഐ മതേതര കേരളത്തിന് ആപത്ത്’

കേരളത്തെ ചോരക്കളമാക്കി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന ഈ വര്‍ഗ്ഗീയക്കൂട്ടത്തെ ഒറ്റപ്പെടുത്താന്‍ കേരള സമൂഹം ഒന്നിക്കണം. കൊലക്കത്തി കൊണ്ട് കോണ്‍ഗ്രസിനെ തളര്‍ത്താമെന്ന വ്യാമോഹം കേരളത്തില്‍ നടപ്പില്ലെന്നും ഞാന്‍ ഓര്‍മ്മിപ്പിക്കുന്നു.ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ്സ് ബൂത്ത് പ്രസിഡന്റ് നൗഷാദിനെ അതിക്രൂരമായി കൊലപ്പെടുത്തുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വിഭീഷ്, നിഷാദ്, സുരേഷ് എന്നിവരെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തത് എസ് ഡി പി ഐ ആണെന്ന് വ്യക്തമായി കഴിഞ്ഞു. ഈ വിഷയത്തില്‍ ഇന്നു രാവിലെ തന്നെ മാധ്യമങ്ങള്‍ വഴി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഇത് രാഷ്ട്രീയ കൊലപാതകം ആണെന്നും പ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ആവശ്യപ്പെട്ടിരുന്നു.സംഭവം അറിഞ്ഞ ഉടനെ തൃശ്ശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ജോസ് വെള്ളുരിനെയും അതോടൊപ്പം ചാവക്കാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഷാനവാസിനേയും ഞാന്‍ ബന്ധപെടുകയുണ്ടായി.അതിനു ശേഷമാണ് കെപിസിസി ഓഫീസില്‍ വെച്ച് കേരളത്തിലെ മുഴുവന്‍ മാധ്യമങ്ങളെയും ഞാന്‍ നേരില്‍ കണ്ടത്. അതോടൊപ്പം ഏറ്റവും പ്രമുഖമായ മൂന്ന് ഇംഗ്ലീഷ് ചാനലും എന്റെ പ്രതികരണം അറിയാന്‍ എത്തിയിരുന്നു. എനിക്ക് കിട്ടിയ വിവരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എന്ന നിലയില്‍ ഞാന്‍ ജാഗ്രതയോട് കൂടി പ്രതികരിച്ചത്’.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐയാണെന്ന് കോണ്‍ഗ്രസ് ജില്ലാ നേതാക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കൊലയ്ക്ക് പിന്നിലെ എസ്ഡിപിഐയുടെ പങ്ക് സമ്മതിക്കാന്‍ തയ്യാറാകാതെ ടി എന്‍ പ്രതാപനും മുല്ലപ്പള്ളിയും ഒഴിഞ്ഞുമാറുകയായിരുന്നു. വര്‍ഗീയ ശക്തികള്‍ക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കണം എന്ന് മാത്രമാണ് പ്രതാപന്‍ ആവശ്യപ്പെട്ടത്. കൊലപ്പെടുത്തിയത് ആരാണെന്ന് അറിയില്ലെന്നായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. ഇരുവരുടെയും പ്രതികരണം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തി. ചാവക്കാട്ടെ കെ എസ് യു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മുല്ലപ്പള്ളി ശക്തമായി പ്രതികരിച്ചില്ലെന്ന് ആക്ഷേപിച്ച് കെഎസ്യു മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതൂര്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് കുടുംബത്തിന്റെ രക്ഷിതാവായിരുന്നിട്ടും മുല്ലപ്പള്ളി കെ എസ് യു പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ശക്തമായി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും വെട്ടിയത് എസ് ഡി പി ഐക്കാരാണെന്ന് വെട്ടേറ്റവര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം ഉള്‍ക്കൊള്ളാന്‍ നേതാക്കള്‍ തയ്യാറായില്ലെന്നും ഹാരിസ് കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് സംഭവത്തില്‍ വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here