ചാവക്കാട് പുന്നയിൽ എസ്ഡിപിഐ ആക്രമണത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് ബൂത്ത് പ്രസിഡന്റ് നൗഷാദിന്റെ കൊലപാതകം പുറത്ത് കൊണ്ട് വന്നത് എസ്ഡിപിഐ യുടെ അക്രമ കുടിലത മാത്രമല്ല,കോണ്ഗ്രസിന്റെ എസ്ഡിപിഐ സ്നേഹത്തിന്റെ യഥാർത്ഥ മുഖം കൂടിയാണ്,സ്വന്തം പ്രവർത്തകൻ ദാരുണമായി കൊല്ലപ്പെട്ടിട്ടും കൊന്നത് എസ്ഡിപിഐ ആണെന്ന് പറയാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ് കോണ്ഗ്രസ് നേതാക്കൾ.

ചൊവ്വാഴ്ച്ച വൈകിട്ട് 7 മണിയോടെ ഒമ്പതോളം ബൈക്കിലെത്തിയ 18 അംഗ സംഘമാണ് നാലു കോണ്ഗ്രസ് പ്രവർത്തകരെ വെട്ടി പരിക്കേല്പിച്ചത്.ഇതിൽ നൗഷാദിന്റെ കഴുത്തിലും തലയിലും ആഴത്തിലുള്ള മുറിവ് ഏറ്റിരുന്നു.തുടർന്ന് നൗഷാദ് അടക്കമുള്ളവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നൗഷാദിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു. രവിലെയോടെയാണ് കോണ്‍ഗ്രസ് പുന്ന ബൂത്ത് പ്രസിഡന്റായിരുന്ന പുന്ന നൗഷാദ് എന്ന നൗഷാദ് മരണപ്പെട്ടത്.

സംഭവത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് കോണ്ഗ്രസ് പ്രാദേശിക നേതൃത്വം പറയുമ്പോഴും എസ്ഡിപിഐയെ കുറിച്ച് ഒരു വാക്കും പറയാതെ ഉരുണ്ടുകളിക്കുന്ന തൃശൂർ എംപി ടി.എൻ പ്രതാപനും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവർക്ക് എതിരെ കടുത്ത പ്രതിഷേധമാണ് ജില്ലയിലെ കോണ്ഗ്രസ് പ്രവർത്തകർക്ക് ഉള്ളത്.

ജില്ലയിൽ നിന്നുള്ള ഏക എംഎല്‍എ അനിൽ അക്കര ആകട്ടെ നൗഷാദിനെ കൊന്ന് തള്ളിയ എസ്ഡിപിഐയെ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല എന്ന് മാത്രമല്ല ആക്രണത്തിന് പിന്നിലെ സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണം എന്ന ഫേസ്‌ബുക്ക് പോസ്റ്റിട്ട് സ്വയം അപഹാസ്യനാവുകാണ്. അനിൽ അക്കരയുടെ ഫേസ്‌ബുക്ക് പോസ്റ്റിൽ കോണ്ഗ്രസ് പ്രവർത്തകരുടെ കമന്റുകളിൽ നിന്ന് തന്നെ നൗഷാദ് കൊലപാതകത്തിൽ കോണ്ഗ്രസ് നേതാക്കളുടെ കള്ള കളിയോടുള്ള സാധാരണ കോണ്ഗ്രസ് പ്രവർത്തകരുടെ വികാരം മനസ്സിലാക്കാനാകും.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 3 കോണ്ഗ്രസ് പ്രവർത്തകർ ഇപ്പോഴും ചികിത്സയിലാണ്. മൊബൈൽ ടവറുകളും സി.സി.ടി.വി ക്യാമറകളും കേന്ദ്രീകരിച്ചുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്..