ചാമ്പ്യൻസ് ബോട്ട് ലീഗിൽ ക്ളബ്ബുകളെ സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനികളെ കണ്ടെത്തുന്നതിനുള്ള ലേലം ഇന്ന് കൊച്ചിയില്‍ നടക്കും.പ്രഥമ സി ബി എല്‍ എന്ന നിലയിൽ വാശിയേറിയ ലേലം നടക്കുമെന്നതിനാല്‍ വലിയ കമ്പനികൾ ലേലത്തില്‍ പങ്കെടുക്കാന്‍ തയ്യാറെടുത്തിട്ടുണ്ട്.ഈ മാസം 10നാണ് സി ബി എല്‍ മത്സരങ്ങള്‍ക്ക് തുടക്കമാവുക.
ഐഎസ്എല്‍, ഐപിഎല്‍ മാതൃകയിലാണ് ലേലം നടക്കുക. 1.5 കോടിയിലാണ് ലേലം തുടങ്ങുക. വള്ളങ്ങൾക്കും തുഴക്കാർക്കും വേണ്ടിവരുന്ന ചെലവ് വഹിക്കുന്നത് സ്പോൺസർമാരായ കമ്പനികളാണ്. ലേലത്തിനു മുമ്പ്, ബോട്ട് ലീഗിൽ മത്സരിക്കാൻ അർഹത നേടിയ ഒൻപത് ക്ളബുകളെപ്പറ്റി സ്പാേൺസർമാർക്ക് മുന്നിൽ വിവരിക്കും. ഒാരോ ക്ളബിന്റെയും പ്രത്യേകത, മുമ്പ് നേടിയിട്ടുള്ള വിജയങ്ങളുടെയും ട്രോഫികളുടെയും ചരിത്രം, പങ്കെടുക്കുന്നവരുടെ എണ്ണം, തുഴച്ചിലിലെ പ്രത്യേകത എന്നിവയെല്ലാം ലേലക്കാർക്ക് മുന്നിൽ നിരത്തും. അതിൻെറ അടിസ്ഥാനത്തിൽ മുന്നിൽ നിൽക്കുന്ന ക്ളബ്ബുകൾക്ക് വലിയ ലേലത്തുക ലഭിക്കും.
വിനോദ സഞ്ചാരവകുപ്പിന്‍റെ നേതൃത്വത്തിലാണ് സി ബി എല്‍ സംഘടിപ്പിച്ചിരിക്കുന്നത്.നെഹ്റു ട്രോഫി വള്ളംകളിയോടൊപ്പം ഈ മാസം 10നാണ് സി ബി എല്ലിന് തുടക്കമാവുക.നവംബര്‍ 1വരെ നീളുന്ന ലീഗില്‍ 12 മത്സരങ്ങളാണ് അരങ്ങേറുക.12 വേദികളിലായി 12 വാരാന്ത്യങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ 9 ടീമുകളാണ് ഓളപ്പരപ്പില്‍ ആവേശം തീര്‍ക്കുക.ഉച്ഛയ്ക്ക് ശേഷം 2.30 മുതല്‍ അഞ്ചു മണിവരെയാണ് എല്ലാ മത്സരങ്ങളും നടക്കുക. ചാമ്പ്യന്മാര്‍ക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. രണ്ടാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷവും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും സമ്മാനമായി ലഭിക്കും.

Get real time update about this post categories directly on your device, subscribe now.