സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യപരിരക്ഷ; മെഡിസെപ്‌ പദ്ധതിക്ക്‌ ഇന്ന് തുടക്കമാകും

സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യപരിരക്ഷ ഉറപ്പാക്കുന്ന മെഡിസെപ്‌ പദ്ധതിക്ക്‌ (മെഡിക്കൽ ഇൻഷുറൻസ്‌ ടു സ്‌റ്റേറ്റ്‌ ഗവൺമെന്റ്‌ എംപ്ലോയീസ്‌ ആൻഡ്‌ പെൻഷനേഴ്‌സ്‌)
ഇന്ന് തുടക്കമാകും. ഇവരുടെ കുടുംബങ്ങൾക്കും ഇൻഷുറൻസ്‌ പരിരക്ഷ ലഭിക്കും. സർക്കാർ ജീവനക്കാർ, ഗ്രാന്റ‌് ഇൻ എയ‌്ഡ‌് സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർ, ഈ മേഖലയിലെ പെൻഷൻകാർ ഉൾപ്പെടെയുള്ളവർക്കുള്ള പദ്ധതിയാണിത്‌. സർവകലാശാലകളിലെ അടക്കം 5,65,508 ജീവനക്കാരും, 5,50,066 പെൻഷൻകാരും പദ്ധതിയുടെ ഭാഗമായി. സഹകരണ ജീവനക്കാരെ പദ്ധതിയിലേക്ക്‌ ഉൾപ്പെടുത്തുന്നതും പരിഗണനയിലാണ്‌.

മെഡിസെപ്പിൽ അംഗത്തിന്റെ വാർഷിക പ്രീമിയം 2992.48 രൂപയാണ്‌. ഈ തുക 250 രൂപ നിരക്കിൽ ജീവനക്കാരുടെ പ്രതിമാസ ശമ്പളത്തിൽനിന്ന‌് പിടിക്കും. പെൻഷൻകാർക്കുള്ള പ്രീമിയം തുക മെഡിക്കൽ അലവൻസിൽനിന്ന്‌ ലഭ്യമാക്കും. കിടത്തി ചികിത്സയ‌്ക്ക്‌ വിവിധ പാക്കേജ്‌ നിരക്കുകളാണ്‌. 1750 രൂപ മുതൽ 2750 രൂപ വരെ പ്രതിദിനം ചെലവ‌് വരുന്നവയാണ്‌ പാക്കേജുകൾ.

സർക്കാർ നിശ്ചയിച്ച ചികിത്സാച്ചെലവ‌ുമാത്രമേ ഈടാക്കാനാകൂ എന്നതിനാൽ ഡോക്ടർമാരുടെ ദേശീയ സംഘടനയുടെ നേതൃത്വത്തിലുള്ള ഒരുവിഭാഗം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചു. എന്നാൽ സർക്കാർ, സഹകരണ ആശുപത്രികൾക്ക്‌ മുൻഗണന നൽകി പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതോടെ സ്വകാര്യ ആശുപത്രികളും സഹകരിക്കാൻ തയ്യാറായി. തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയും മുൻനിര ആശുപത്രികളും സർക്കാരുമായി ചർച്ച നടത്തി. ഈ മാസംതന്നെ പദ്ധതിയിലെ അക്രഡിറ്റഡ്‌ ആശുപത്രികളുടെ പൂർണ പട്ടികയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News