മുംബൈയിൽ ദൂര യാത്ര ചെയ്യുന്നവരാണ് ഏറെ കഷ്ടത അനുഭവിക്കുന്ന വിഭാഗം. റെയിൽവേ, മെട്രോ ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ മിക്കവാറും സമയം കൈയ്യിൽ പിടിച്ചു യാത്ര ചെയ്യുന്നവർക്ക് മുട്ടൻ പണി കൊടുക്കാറുണ്ട്.

അത് കൊണ്ട് തന്നെ തിരക്ക് പിടിച്ച ജീവിതം നയിക്കുന്ന മുംബൈ വാസികൾക്ക് ഏറെ ആശ്വാസം പകരുന്നതാകും ഈ സ്മാർട്ട് കാർഡ് പദ്ധതി.

മുന്‍കൂര്‍ പണം അടച്ച് ചാര്‍ജ് ചെയ്യാവുന്ന കാര്‍ഡുകള്‍ കൊണ്ട് എവിടെയും യാത്ര ചെയ്യാന്‍ കഴിയുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനത്തിനാണ് മുംബൈ നഗരമൊരുങ്ങുന്നത്.

കാര്‍ഡില്‍ പണമില്ലെങ്കിലും കൈയില്‍ പണം അല്‍പം കുറവാണെങ്കിലും ടിക്കറ്റ് കിട്ടും. പിന്നീട് റീചാര്‍ജ് ചെയ്യുമ്പോള്‍ ആ പണം കുറച്ചായിരിക്കും സ്മാര്‍ട്ട് കാര്‍ഡ് അക്കൗണ്ടില്‍ ചേര്‍ക്കുകയെന്ന പ്രത്യേകതയുമുണ്ട്.

രാജ്യത്ത് ഉടനീളം മെട്രോ സർവീസുകളും ടോൾ ടാക്സുകളും ഉൾപ്പെടെ വിവിധ തരത്തിലുള്ള ട്രാൻസ്പോർട്ട് ചാർജുകൾ അടയ്ക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്ന സാങ്കേതിക സംവിധാനത്തിനാണ് പച്ചക്കൊടി ലഭിച്ചിരിക്കുന്നത്.

രാജ്യത്ത് എവിടെയും ഉപയോഗിക്കാവുന്ന integrated ticketing system (ITS) നടപ്പിലാക്കുന്നത് മുംബൈ റെയിൽവേ വികാസ് കോർപ്പറേഷന്റെ അപേക്ഷ പരിഗണിച്ചാണ്.

സിങ്കപ്പൂർ, ഹോങ്കോങ് തുടങ്ങിയ വികസിത രാജ്യങ്ങളുടെ ചുവട് പിടിച്ചു തദ്ദേശീയമായി വികസിപ്പിച്ചെടുത്ത. വൺ നേഷൻ വൺ കാർഡ് പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ മുംബൈ വാസികൾക്ക് റയിൽവെ, മെട്രോ, മോണോ, ബസ് തുടങ്ങിയ യാത്രകൾക്കെല്ലാം ഈ സ്മാർട്ട് കാർഡ് മതിയാകും.

ഏകദേശം 200 കോടി രൂപയാണ് ഈ പദ്ധതിക്കായി ചിലവ് കണക്കാക്കുന്നത്. രാജ്യത്തെ ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നഗരത്തിൽ സ്മാർട്ട് കാർഡ് സംവിധാനം വരുന്നതോടെ ടിക്കറ്റുകൾ നിർമ്മാർജനം ചെയ്യപ്പെടുന്നതിലൂടെ വലിയ സാമ്പത്തിക ചിലവ് ഒഴിവാക്കാമെന്നതും ഈ പദ്ധതിയുടെ നേട്ടമായി കണക്കാക്കാം.

മെട്രോ, ബസ്, സബർബൻ റെയിൽവേ, ടോൾ, പാർക്കിങ്, സ്മാർട്ട് സിറ്റി, റീട്ടെയിൽ ഷോപ്പിംഗ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ സെഗ്മെൻറുകളിലേക്കും ഒരു ഉപഭോക്താവ് ഈ സിംഗിൾ കാർഡ് ഉപയോഗിക്കാവുന്ന സാങ്കേതിക സംവിധാനമാണ് നിലവിൽ വരുന്നത്.

ജി പി ആര്‍ എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകളുമായി ബന്ധപ്പെടുത്തിയാണ് കാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. വിദേശ രാജ്യങ്ങളില്‍ ബസ് ഗതാഗതത്തിന് ഉപയോഗിക്കുന്ന സ്മാര്‍ട്ട് കാര്‍ഡ് സംവിധാനം സംസ്ഥാനതല പൊതുഗതാഗത മേഖലയില്‍ ആദ്യമായി പരീക്ഷിച്ചത് കേരളമാണ്.