അന്തർസംസ്ഥാന നദീജലതർക്ക ഭേദഗതി ബില്ലിന്‌ ലോക്‌സഭയുടെ അംഗീകാരം. നദീജല തർക്കങ്ങൾ പരിഹരിക്കുന്നതിന്‌ ദ്വിതല തർക്കപരിഹാര സംവിധാനത്തിന്‌ രൂപം നൽകുന്നതാണ്‌ ബിൽ. ഇത്‌ നിയമമാകുന്നതോടെ അന്തർസംസ്ഥാന നദീജല തർക്കങ്ങൾ പരിഹരിക്കാൻ നിലവിലുള്ള ട്രിബ്യൂണലുകൾ ഇല്ലാതാകും. ഇവ പരാജയമായതിനാലാണ്‌ പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന്‌ കേന്ദ്ര ജലശക്തിമന്ത്രി ഗജേന്ദ്ര സിങ്‌ ശെഖാവത്ത്‌ പറഞ്ഞു. ട്രിബ്യൂണലുകൾ പരിഹരിക്കാതെ 33 വർഷമായി തുടരുന്ന ജലതർക്കകേസുകളുണ്ടെന്നും ശെഖാവത്ത്‌ പറഞ്ഞു.

എന്നാൽ, സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതാണ്‌ പുതിയ സംവിധാനമെന്ന്‌ പ്രതിപക്ഷ പാർടികൾ കുറ്റപ്പെടുത്തി. സംസ്ഥാനങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിൽ കേന്ദ്രത്തിന്‌ കൂടുതൽ അധികാരം കൈവരുമെന്നും ജുഡീഷ്യൽമാർഗങ്ങളിലൂടെ ജലതർക്കം പരിഹരിക്കാനാകില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. തർക്കങ്ങൾ പരിഹരിക്കുകയല്ല കേന്ദ്രത്തിന്റെ ലക്ഷ്യമെന്നും തർക്കങ്ങൾ വർധിപ്പിച്ച്‌ രാഷ്ട്രീയനേട്ടത്തിനാണ്‌ ശ്രമമെന്നും എ എം ആരിഫ്‌ പറഞ്ഞു.

കേന്ദ്രത്തിലെ ഒരു സെക്രട്ടറിതല ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പരിഹാരസമിതിയാകും തർക്കം ആദ്യം പരിഹരിക്കാൻ ശ്രമിക്കുക. തീർപ്പാക്കാനാകാത്ത കേസുകൾ ഒരു കേന്ദ്ര ട്രിബ്യൂണൽ പരിഗണിക്കും. ഒന്നിലേറെ ബെഞ്ചുകൾ ട്രിബ്യൂണലിനുണ്ടാകും. ട്രിബ്യൂണലിന്റെ വിധി സംസ്ഥാനങ്ങൾക്ക്‌ നിർബന്ധമായും ബാധകമായിരിക്കും. സുപ്രീംകോടതി ഉത്തരവിനു തുല്യമാകും ട്രിബ്യൂണൽ ഉത്തരവുകൾ. എന്നാൽ, പ്രത്യേകാനുമതി ഹർജികളിലൂടെ സുപ്രീംകോടതിയിൽ ഇവ ചോദ്യംചെയ്യാം. അധ്യക്ഷനും ഉപാധ്യക്ഷനും ആറംഗങ്ങളും അടങ്ങുന്നതാകും ട്രിബ്യൂണൽ. പ്രധാനമന്ത്രി, ചീഫ്‌ ജസ്റ്റിസ്‌, നിയമമന്ത്രി, ജലശക്തിമന്ത്രി എന്നിവരടങ്ങുന്ന സമിതിയാകും അധ്യക്ഷനെയും അംഗങ്ങളെയും തീരുമാനിക്കുക.