ദില്ലി: ഉന്നാവോ പെണ്‍കുട്ടിക്ക് നേരെയുണ്ടായ വാഹനാപകടത്തെക്കുറിച്ച് ഏഴു ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്ന് സിബിഐയ്ക്ക് സുപ്രീംകോടതിയുടെ നിര്‍ദേശം.

ലഖ്നൗവില്‍ ചികിത്സയിലുള്ള പെണ്‍കുട്ടിയെ വിമാനമാര്‍ഗം ദില്ലിയില്‍ എത്തിക്കാനാവുമോയെന്ന് അറിയിക്കാനും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി. പെണ്‍കുട്ടി അയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഇടപെടല്‍.

ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട് നാലു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. നാലു കേസുകളില്‍ കുറ്റപത്രം നല്‍കിയിട്ടും വിചാരണ വൈകുന്നത് എന്തുകൊണ്ടെന്ന് കോടതി തേടി. പെണ്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും കോടതി ചോദിച്ചു.