ഉന്നാവോ കേസിന്റെ വിചാരണ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവ്; വിചാരണ 45 ദിവസത്തിനകം പൂര്‍ത്തിയാക്കണം; പെണ്‍കുട്ടിക്ക് യുപി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കണം

ഉന്നാവോ വിഷയത്തില്‍ സുപ്രീം കോടതിയുടെ നിര്‍ണായക ഇടപെടല്‍. സംഭവവുമായി ബന്ധപ്പെട്ട എല്ലാ കേസുകളുടെയും വിചാരണ ദില്ലിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിറക്കി.

ഉത്തര്‍പ്രദേശില്‍ വിചാരണ നടന്നാല്‍ നീതി കിട്ടില്ലെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് ഉന്നാവോ സംഭവവുമായി ബന്ധപ്പെട്ട കേസുകളുടെ വിചാരണ സുപ്രീംകോടതി ദില്ലിയിലേക്ക് മാറ്റിയത്. പെണ്‍കുട്ടിയുടെ ബലാത്സംഗം, പിതാവിന്റെ മരണം, പിതാവിനെതിരായ കേസ്, ഏറ്റവും ഒടുവിലുണ്ടായ വാഹന അപകടം ഉള്‍പ്പെടെ 5 കേസുകളുടെ വിചാരണയാണ് കോടതി ദില്ലിയിലേക്ക് മാറ്റിയത്.

പ്രത്യേക കോടതി ജഡ്ജ് 45 ദിവസത്തിനകം ദൈനംദിന വാദം കേട്ട് വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടു. വാഹനാപകടം അന്വേഷിക്കാന്‍ 30 ദിവസം വേണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി 14 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം.

അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്നൗവില്‍ ആയതിനാല്‍ കേസ് നാളത്തേക്ക് മാറ്റണം എന്ന സോളിസിറ്റര്‍ ജനറലിന്റെ ആവശ്യം കോടതി പരിഗണിച്ചില്ല. കേസിന്റെ പുരോഗതി അറിയാന്‍ സിബിഐ ജോയിന്റ് ഡയറക്ടര്‍ സമ്പത്ത് മീണയെ കോടതി വിളിച്ചു വരുത്തി അന്വേഷണ പുരോഗതി ആരാഞ്ഞു.

ഇരയ്ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നാളെ തന്നെ നല്‍കണം. പെണ്കുട്ടി, അഭിഭാഷകന്‍, ഇവരുടെ കുടുംബങ്ങള്‍ എന്നിവര്‍ക്ക് കേന്ദ്ര സുരക്ഷയ്ക്കും കോടതി ഉത്തരവിട്ടിട്ടുണ്ട്. പെണ്‍കുട്ടിയെയും അഭിഭാഷകനെയും എയര്‍ ലിഫ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് കുടുംബത്തിന്റെ അഭിപ്രായം അറിഞ്ഞു തീരുമാനം എടുക്കാം എന്നും കോടതി വ്യക്തമാക്കി.

പെണ്‍കുട്ടിയുടെ കത്ത് ശ്രദ്ധയില്‍ പെടുത്താത്ത രജിസ്ട്രി റിപ്പോര്‍ട്ടും കോടതി പരിശോധിച്ചു. ജൂലൈയില്‍ 6900 കത്തുകള്‍ കോടതിയില്‍ എത്തി. കത്തുകള്‍ ഓരോന്നും പരിശോധിക്കേണ്ടതിനാല്‍ ശ്രദ്ധയില്‍പെട്ടിലെന്നും സെക്രട്ടറി ജനറല്‍ കോടതിയെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News