കപ്പല്‍ ജീവനക്കാരന്റെ വേഷം കെട്ടി തമിഴ്‌നാട്ടിലെത്തി; മാലി മുന്‍ വൈസ് പ്രസിഡന്റ് അറസ്റ്റില്‍

ചരക്കുകപ്പലിലെ ജീവനക്കാരന്റെ വേഷത്തില്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലെത്തിയ മാലി ദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് അഹമ്മദ് അദീബ് അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍. മുന്‍ പ്രസിഡന്റ് അബ്ദുള്ള അമീനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തടവ് ശിക്ഷയനുഭവിച്ചയാളാണ് അദീബ്.

വിസയോ മറ്റ് ഔദ്യോഗിക രേഖകളൊന്നുമില്ലാതെ രാജ്യത്തേക്ക് കടന്നുകയറാന്‍ ശ്രമിച്ചതിനാണ് അഹമ്മദ് അദീബിനെ അറസ്റ്റ് ചെയ്തതെന്ന് അധികൃതര്‍ പറഞ്ഞു. അദീബിന്റെ അറസ്റ്റിനെക്കുറിച്ച് വിദേശകാര്യ മന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചതായും തൂത്തുക്കുടി തുറമുഖ അധികൃതര്‍ അറിയിച്ചു.

ഇന്തോനേഷ്യയില്‍ നിന്ന് ചരക്കിറക്കി മടങ്ങിയ വിര്‍ഗോ-9 എന്ന കപ്പലിലാണ് അദീബ് തൂത്തുക്കുടിയിലെത്തിയത്. എട്ട് ഇന്തോനേഷ്യക്കാരനും ബോസ്‌കോയെന്ന ഇന്ത്യാക്കാരനുമാണ് കപ്പലിലെ ജീവനക്കാര്‍.

2015 സെപ്റ്റംബര്‍ 28ന് സൗദി സന്ദര്‍ശനം കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് വീട്ടിലേക്ക് സ്പീഡ് ബോട്ടില്‍ സഞ്ചരിക്കവെ അബ്ദുല്ല അമീനെ ബോട്ട് തകര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നായിരുന്നു അദീബിനെതിരെയുള്ള കേസ്. സ്ഫോടനത്തില്‍ നിന്ന് അബ്ദുല്ല അമീന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ഭാര്യ ഉള്‍പ്പടെയുള്ളവര്‍ക്ക് പരുക്കേറ്റിരുന്നു.

2015 ജൂലൈ 22 മുതല്‍ 107 ദിവസം മാലിദ്വീപിന്റെ വൈസ് പ്രസിഡന്റായിരുന്നു അദീബ്. വിചാരണയ്ക്ക് ശേഷം അദീബിനെ 15 വര്‍ഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും മേല്‍ക്കോടതി ഈ വര്‍ഷം ശിക്ഷ അസാധുവാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel