വിവാദമായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി

വിവാദമായ ദേശീയ മെഡിക്കല്‍ കമ്മിഷന്‍ ബില്‍ രാജ്യസഭ പാസാക്കി. ബില്ലിനെതിരെ ഡോക്ടര്‍മാരുടെ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിനിടയിലാണ് രാജ്യസഭയിലും ബില്‍ പാസായത്. അലോപ്പതി ഇതര വിഭാഗത്തിനും ആധുനിക ചികിത്സ നടത്താനുള്ള അനുമതി, പരമ്പരാഗത ചികിത്സകര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കാം തുടങ്ങിയ വ്യവസ്ഥകളാണ് ബില്ലിലുള്ളത്.

ദേശീയ മെഡിക്കല്‍ കൗണ്‌സില് ബില്ലിനെതിരെ ഡോക്ടര്‍മാര്‍ രാജ്യവ്യാപക പ്രതിഷേധം നടത്തുന്നതിനിടയിലാണ് രാജ്യസഭയിലും ബില്‍ പാസാക്കിയത്.എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദപ്രവേശനത്തിന് മാനദണ്ഡമാക്കാനടക്കം ബില്ലില്‍ ശുപാര്‍ശ ചെയ്യുന്നു.

എംബിബിഎസ് പാസാകുന്നവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടിസ് ചെയ്യാനാകൂവെന്ന നിബന്ധനയും ബില്ലില്‍ ഉണ്ട്. പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്പുകള്‍ക്കും, മിഡ് ലെവല്‍ ഹെല്‍ത്ത് വര്‍ക്കര്‍ എന്ന പേരില്‍ ഡോക്ടര്‍മാരല്ലാത്ത വിദഗ്ധര്‍ക്കും നിയന്ത്രിത ലൈസന്‍സ് നല്‍കും. 25 അംഗ ദേശീയ മെഡിക്കല്‍ കമ്മീഷനാവും മെഡിക്കല്‍ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

നിയമം വരുന്നതോടെ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഇല്ലാതാകും. പകരം മെഡിക്കല്‍ കോളേജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ മെഡിക്കല്‍ കമ്മീഷനു കീഴില്‍ സ്വതന്ത്ര ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബില്‍ വ്യവസ്ഥ ചെയ്യുന്നു.

എന്നാല്‍ നിയമം വരുന്നതോടെ മൂന്നര ലക്ഷത്തോളം വ്യാജഡോക്ടര്മാരെ സൃഷ്ടിക്കുമെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ലോക്‌സഭയില്‍ ബില്‍ പാസ്സാക്കിയതോടെ സമരം ആരംഭിച്ച ഡോക്ടര്‍മാര്‍ ബില്‍ രാജ്യസഭയില്‍ കൂടി പാസായതോടെ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel