ലൈഫ്‌ മിഷന്‍; 1208 കോടി ചിലവില്‍ 85 കെട്ടിടസമുച്ചയങ്ങള്‍ ഈ വർഷം നിർമാണം ആരംഭിക്കും

ലൈഫ്‌ പദ്ധതിയിൽ ഈ വർഷം 85 കെട്ടിടസമുച്ചയത്തിന്റെ നിർമാണം ആരംഭിക്കും. 1208 കോടിയാണ് നിർമാണച്ചെലവ്. ഭൂരഹിത ഭവനരഹിതർക്ക് കെട്ടിടസമുച്ചയങ്ങൾ നിർമിക്കാനുള്ള മൂന്നാംഘട്ടവും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

അടിമാലിയിൽ പൂർത്തിയായ ഫ്ലാറ്റിൽ 163 ഗുണഭോക്താക്കൾ താമസം ആരംഭിച്ചു. ലൈഫ് മിഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായതായി യോഗം വിലയിരുത്തി. പണി പൂർത്തിയാക്കാനാകാത്ത ചുരുക്കം വീടുകൾ സംബന്ധിച്ച് പ്രത്യേകമായി പരിശോധന നടത്തും. രണ്ടാംഘട്ടത്തിലെ ഭൂമിയുള്ള ഭവനരഹിതർക്കുള്ള വീട്‌ നിർമാണം ഈ വർഷം പൂർത്തിയാക്കും.

ശബരിമല മാസ്റ്റർ പ്ലാൻ, ഓഖി പുനരധിവാസ പദ്ധതികൾ, മാലിന്യസംസ്‌കരണ പ്ലാന്റുകൾ, ഇടമൺ–– കൊച്ചി വൈദ്യുതിലൈൻ, ഗെയിൽ പൈപ്പ്‌ ലൈൻ, കോവളം- ബേക്കൽ ജലപാത, ലൈഫ് മിഷൻ എന്നിവയുടെ പുരോഗതിയും യോഗം ചർച്ചചെയ്തു.

ഗെയിൽ പൈപ്പ് ലൈൻ പദ്ധതി മിക്കവാറും പൂർത്തിയായതായി യോഗം വിലയിരുത്തി. കോഴിക്കോട് ജില്ലയിലെ ചാലിയാർ, ഇരവഴിഞ്ഞി, കുറ്റ്യാടി പുഴകളിലും കാസർകോട് ചന്ദ്രഗിരിയിലും പൈപ്പ് സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. സിറ്റിഗ്യാസ് പദ്ധതിയുടെ പ്രവൃത്തികൾ വേഗത്തിലാക്കും. ഗെയിൽ അധികൃതരുമായി ബന്ധപ്പെട്ട് നടപടികൾ വേഗത്തിലാക്കാൻ വ്യവസായവകുപ്പിന് മുഖ്യമന്ത്രി നിർദേശം നൽകി.

തിരുവനന്തപുരം, കൊല്ലം, മലപ്പുറം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, പാലക്കാട്, വയനാട് ജില്ലകളിൽ മാലിന്യസംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്നത് യോഗം ചർച്ചചെയ്തു. വയനാട്ടിലെ മാലിന്യ സംസ്‌കരണപ്ലാന്റ് രണ്ടുമാസത്തിനകം പ്രവർത്തനക്ഷമമാകും.

കോഴിക്കോട്, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിൽ ഈ വർഷംതന്നെ നിർമാണം ആരംഭിക്കാനാണ് തീരുമാനം. മന്ത്രിമാരുടെ നേതൃത്വത്തിലും സെക്രട്ടറിതലത്തിലും നിശ്ചിത ഇടവേളകളിൽ അവലോകനം നടത്തും. മന്ത്രിമാരായ ഇ പി ജയരാജൻ, ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, കെ കെ ശൈലജ, വി എസ് സുനിൽകുമാർ, കെ രാജു, കടകംപള്ളി സുരേന്ദ്രൻ, ജെ മേഴ്സിക്കുട്ടിഅമ്മ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News