ഡിവൈഎഫ്ഐ സംസ്ഥാന ജാഥയ്ക്ക് കോഴിക്കോട് ജില്ലയിൽ ആവേശോജ്വല സ്വീകരണം. സംസ്ഥാന സെക്രട്ടറി എ എ റഹീം നയിക്കുന്ന വടക്കൻ മേഖലാ ജാഥ ഇന്നും കോഴിക്കോട് ജില്ലയിൽ പര്യടനം നടത്തും. നരിക്കുനി നിന്നാരംഭിക്കുന്ന ജാഥ വൈകീട്ട് മുതലക്കുളത്ത് സമാപിക്കും.

അനശ്വര രക്തസാക്ഷികളായ ഒഞ്ചിയം ധീരന്മാർക്ക് പ്രണാമം അർപ്പിച്ചാണ് വടക്കൻ മേഖല ഡി വൈ എഫ് ഐ ജാഥയുടെ കോഴിക്കോട് ജില്ലയിലെ പര്യടനം ആരംഭിച്ചത്. രാവിലെ ജാഥാഗംങ്ങൾ ഒഞ്ചിയം സ്ക്വയറിലെത്തി രക്തപുഷ്പങ്ങളർപ്പിച്ചു. നാദാപുരത്തായിരുന്നു ആദ്യ സ്വീകരണം. ആവേശകരമായ സ്വീകരണമാണ് ജാഥയ്ക്ക് നാദാപുരത്ത് ലഭിച്ചത്. കുറ്റ്യാടിയിലെത്തിയ ജാഥാ ക്യാപ്റ്റൻ എ എ റഹീമിനെ തുറന്ന വാഹനത്തിൽ വേദിയിലേക്ക് ആനയിച്ചു. ചാവക്കാട് കൊലപാതകം; സി ബി ഐ അന്വേഷണം ആവശ്യപ്പെടാൻ രമേശ് ചെന്നിത്തലയ്ക്ക് ധൈര്യമുണ്ടോ എന്ന് എ എ റഹീം ചോദിച്ചു

സ്വീകരണത്തിന് ശേഷം കുറ്റ്യാടിയിൽ പി എസ് സി റാങ്ക് ജേതാക്കളുമായി ജാഥാഗംങ്ങൾ ചർച്ച നടത്തി. നിരവധി ഉദ്യോഗാർത്ഥികൾ പരിപാടിക്കെത്തി. ഉച്ചകഴിഞ്ഞ് പേരാമ്പ്ര, കൂട്ടാലിട, കൊയിലാണ്ടി എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം ആദ്യദിന പര്യടനം വടകരയിൽ സമാപിച്ചു. വെള്ളിയാഴ്ച നരിക്കുനിയാണ് ആദ്യ സ്വീകരണം. വൈകീട്ട് കോഴിക്കോട് ജില്ലയിലെ പര്യടനം മുതലക്കുളത്ത് സമാപിക്കും. ശനിയാഴ്ച വയനാട് ജില്ലയിലാണ് വടക്കൻ മേഖലാജാഥ പര്യടനം നടത്തുക.