വയനാട് അമ്പലവയലിലെ സദാചാര ഗുണ്ടാ ആക്രമണത്തിൽ പ്രതിപട്ടികയിലുള്ള മൂന്നാമത്തെയാളും കോണ്ഗ്രസ് നേതാവ്. യുവതിയുടെ മൊ‍ഴിയുടെ അടിസ്ഥാനത്തിൽ പ്രതിചേർത്ത രണ്ടുപേരിലൊരാളാണ് ഇയാൾ. ഇതോടെ കോണ്ഗ്രസിന് സംഭവം തലവേദനയായി. പ്രതികൾ ഒളിവിൽ പോയത് കോണ്ഗ്രസ് ജില്ലാ നേതൃത്വത്തിന്‍റെ അറിവോടെയെന്ന ആരോപണവും ശക്തമായിരിക്കുകയാണ്. സംഭവത്തിൽ ഒരാൾ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്.

പ്രാദേശിക കോണ്ഗ്രസ് നേതാവായ സജീവാനന്ദൻ മുഖ്യപ്രതിയായ സംഭവത്തിൽ മർദ്ദനത്തിനിരയായവരുടെ മൊ‍ഴികൾ കോണ്ഗ്രസിന് വീണ്ടും തലവേദനയാവുകയാണ്. പോലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തിയ രണ്ടുപേരിലൊരാളായ ലോഡ്ജ് നടത്തിപ്പുകാരൻ കുമാറിനെ ക‍ഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സജീവാനന്ദനും കുമാറിനുമൊപ്പം യുവതിയെ ശല്യപ്പെടുത്തിയെന്ന് മൊ‍ഴിയിലുള്ള
കോണ്ഗ്രസ് നേതാവ് റോയി ജേക്കബാണ് മൂന്നാം പ്രതി. സജീവ കോണ്ഗ്രസ് പ്രവർത്തകനായ ഇയാൾ അമ്പലവയൽ പഞ്ചായത്ത് ആറാം വാർഡ് കോണ്ഗ്രസ് തെരെഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡന്ഡായിരുന്നു ക‍ഴിഞ്ഞ തെരെഞ്ഞുടുപ്പ് കാലത്ത്. സംഭവം നടന്ന ദിവസം പോലീസ് സ്റ്റേഷനിലെത്തി ഒത്തുതീർപ്പിന് ശ്രമിച്ചതും ഇയാളുടെ നേതൃത്വത്തിലായിരുന്നു.

ആരോപണങ്ങൾ ശക്തമായതോടെ കോണ്ഗ്രസ് പ്രതിരോധത്തിലാണ് തെറ്റുകാരൊന്നും പാർട്ടിയിലുണ്ടാവില്ലെന്നാണ് ജില്ലാ കോണ്ഗ്സ് നേതൃത്വം പറയുന്നതെങ്കിലും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ പാർട്ടിപ്രവർത്തകർ ഉൾപ്പെട്ടതിനാൽ പ്രതികളെ പിടിക്കണമെന്നാ‍വശ്യപ്പെട്ട് ഒരു സമരത്തിന് പോലുമിറങ്ങാനാവാത്ത അവസ്ഥയിലാണ് കോണ്ഗ്രസ്.

അതേ സമയം മുഖ്യപ്രതി സജീവാനന്ദന്‍റെ മുൻ കൂർ ജാമ്യാപേക്ഷ കൽപ്പറ്റ സെഷൻസ് കോടതി നാളെ വീണ്ടും പരിഗണിക്കും. ഇയാൾ ഒളിവിൽതന്നെയാണ് സംഭവത്തിൽ ആദ്യം അറസ്റ്റ് ചെയ്ത കുമാറിനെ കോടതി ക‍ഴിഞ്ഞദിവസം റിമാന്‍റ് ചെയ്തിരുന്നു.