കമ്പംമെട്ട് –കമ്പം റോഡിലെ രാത്രികാല കവർച്ചാ കേസുകളിലെ മുഖ്യപ്രതി പിടിയിൽ. തേനി ബോഡിനായ്ക്കന്നൂർ സ്വദേശി അജിത്താണ് അറസ്റ്റിലായത്. ജൂൺ ആറിന് പുലർച്ചെ മോഷണത്തിന് ഇരയായ ചേറ്റുകുഴിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ജോനകംവിരുത്തിൽ ജയൻ, തോട്ടം തൊഴിലാളികളെ എത്തിക്കുന്ന ഡ്രൈവർ പുത്തൻപുരക്കൽ റിജു എന്നിവരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്.

കമ്പം വടക്കുംപെട്ടി പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ പൊന്നിൻ വളവൻ കമ്പം ബസ് സ്റ്റാഡിനു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ നടത്തിയ പരിശോധനയിൽ അജിത്തിനെ റഹ്മാനെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂൺ 6നു കമ്പം _കമ്പംമെട്ട് റോഡിൽ ചേറ്റുകുഴി സ്വദേശികളെ അക്രമിച്ച് പണവും, മൊബൈൽ ഫോണും കവർന്നത് സംബന്ധിച്ച് അജിത് പൊലീസിനോട് സമ്മതിച്ചത്.

അജിത്തിനൊപ്പം കവർച്ചക്ക് ഉണ്ടായിരുന്ന 3 പ്രതികൾ വലയിലായതായും സൂചനയുണ്ട്. കവർച്ച സംഘത്തിന്റെ അക്രമത്തിനു ഇരയായ ജയനും, റിജുവും സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ. ജൂൺ 6നു പുലർച്ചെ 5ന് കേരള തമിഴ്നാട് അതിർത്തിയായ കമ്പം അടിവാരത്തെ വിജന സ്ഥലത്ത് എത്തിയപ്പോൾ രണ്ട് പേർ വാഹനത്തിനു കൈ കാണിച്ചു. നിർത്താതെ മുന്നോട്ട് പോയപ്പോൾ വാഹനം തടഞ്ഞു നിർത്തി കൊള്ള നടത്തുകയായിരുന്നു എന്നാണ്. റിജുവിന്റെ കൈവശമുണ്ടായിരുന്ന 8000 രൂപയും, ജയന്റെ മൊബൈൽ ഫോണും സംഘം തട്ടിയെടുത്തു. സമീപകാലത്തു നടന്ന കവർച്ചകളുമായി ബന്ധപ്പെട്ട് കമ്പം പൊലീസിന് അജിത്തിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.