ഷൂഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കണ്ണൂര്‍ മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവത്തിലെ അന്വേഷണം സിബിഐക്കു വിട്ട സിംഗിള്‍ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയ് , ജസ്റ്റീസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി.

കേസ് ഡയറി പോലും പരിശോധിക്കാതെ ഹര്‍ജിക്കാരുടെ വാദം മാത്രം പരിഗണിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് വിധി. 2018 ഫെബ്രുവരി 12ന് രാത്രിയാണ് ഷുഹൈബ് കൊല്ലപ്പെടുന്നത്.

കണ്ണൂര്‍ റെയിഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയിരുന്നത്. ഇതിനിടെ ഷുഹൈബിന്റെ പിതാവ് നല്‍കിയ ഹര്‍ജി ഫെബ്രുവരി 27ന് സിംഗിള്‍ബെഞ്ച് പരിഗണിച്ചു. പിന്നീട് കേസ് പരിഗണിച്ചത് മാര്‍ച്ച് ആറിനാണ്. അടുത്ത ദിവസമാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നത്.

ഹര്‍ജിയില്‍ സര്‍ക്കാരിന് നോട്ടീസ് അയക്കാതെയും കേസ് ഡയറി പരിശോധിക്കാതെയും ഹര്‍ജിക്കാരുടെ വാദം മാത്രം കേട്ടായിരുന്നു വിധി. ഇതിനെ ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഡിവിഷന്‍ ബെഞ്ച് സിംഗിള്‍ബെഞ്ച് വിധി മാര്‍ച്ച് 14ന് തന്നെ സ്റ്റേ ചെയ്തിരുന്നു.

സുപ്രീം കോടതി അഭിഭാഷകന്‍ വിജയ് ഹന്‍സാരിയ, സീനിയര്‍ ഗവ. പ്ലീഡര്‍മാരായ പി നാരായണന്‍, വി മനു, സുമന്‍ ചക്രവര്‍ത്തി എന്നിവര്‍ സര്‍ക്കാരിന് വേണ്ടി ഹാജരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News