ഉന്നാവ് പെണ്‍കുട്ടിയുടെ ചികിത്സ ലക്നൗവില്‍ തുടരും. ദില്ലി എയിംസിലേക്ക് ഇപ്പോള്‍ മറ്റേണ്ടതിലെന്ന കുടുംബത്തിന്റെ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു. പെണ്കുട്ടിയുടെ അമ്മാവനെ അടിയന്തരമായി തിഹാര്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. ആവശ്യമെങ്കില്‍ തിങ്കളാഴ്ച വിഷയം വീണ്ടും പരിഗണിക്കാം എന്നും കോടതി.

പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചാണ് കോടതിയുടെ അടിയന്തര പരിഗണന എന്ന് വ്യക്തമാക്കിയാണ് ചികിത്സ ലക്നൗവില്‍ തന്നെ തുടരാന്‍ ഉള്ള ഉത്തരവ്. ലക്നൗ കിംഗ് ജോര്‍ജ് ആശുപത്രിയിലെ ചികിത്സയില്‍ കുടുംബം തൃപ്തി അറിയിച്ചു. തല്‍ക്കാലം എയിംസിലേക്ക് മാറ്റേണ്ട എന്നാണ് കുടുംബത്തിന്റെ നിലപാട് എന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു.

തുടര്‍ന്നാണ് ചികിത്സ ലക്നൗവില്‍ തന്നെ തുടരട്ടെ എന്ന് കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ചികിത്സ ദില്ലിയിലേക്ക് മാറ്റണം എന്ന് കുടുംബത്തിന് ആവശ്യം തോന്നിയാല്‍ തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കാം. ജസ്റ്റിസ് ദീപക് ഗുപ്ത കേസ് പരിഗണിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

റായ്ബറേലി ജയിലില്‍ ഉള്ള പെണ്കുട്ടിയുടെ അമ്മാവന്‍ മഹേഷ് സിംഗിനെ അടിയന്തരമായി തിഹാര്‍ ജയിലിലേക്ക് മാറ്റാനും കോടതി ഉത്തരവിട്ടു. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ചാണിത്. അതേസമയം പെണ്കുട്ടിയുടെയും അഭിഭാഷകന്റെയും ഇവരുടെ കുടുബങ്ങളുടെയും സുരക്ഷ കേന്ദ്ര സേന ഏറ്റെടുത്തുവെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേഹ്ത അറിയിച്ചു.

കോടതി ഇന്നലെ വിധിച്ച 25 ലക്ഷം രൂപ നഷ്ടപരിഹാര തുക പെണ്‍കുട്ടിയുടെ അമ്മയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച വിവരം ഉത്തര്‍പ്രദേശ് സര്‍ക്കാരും കോടതിയെ അറിയിച്ചു.