കല്ലേക്കാട് എ ആർ ക്യാംപിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് എ എസ് ഐമാരുൾപ്പെടെ ഏ‍ഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു

കല്ലേക്കാട് എ ആർ ക്യാംപിലെ പോലീസുകാരൻ കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് രണ്ട് എ എസ് ഐമാരുൾപ്പെടെ ഏ‍ഴ് പൊലീസുകാരെ സസ്പെന്റ് ചെയ്തു.

എ ആർ ക്യാംപിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച വന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. സംസ്ഥാന പട്ടിക ജാതി – പട്ടികവർഗ്ഗ കമ്മീഷൻ ക്യംപിലെത്തി തെളിവെടുത്തു.

കുമാറിന്റെ കുടുംബം നൽകിയ പരാതിയിൽ സ്പെഷ്യൽ ബ്രാഞ്ചും, ജില്ലാ പോലീസ് മേധാവി ക്യാംപിൽ നേരിട്ടെത്തിയും നടത്തിയ അന്വേഷണത്തിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുള്ളതായി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണ വിധേയമായി 7 പോലീസുകാരെ സസ്പെന്റ് ചെയ്തത്.

എഎസ്ഐ മാരായ റഫീഖ് എൻ, പി ഹരിഗോവിന്ദൻ, സീനിയർ സിപിഒ – എം മുഹമ്മദ് ആസാദ് , CPOമാരായ കെസി മഹേഷ്, ശ്രീജിത്ത് എസ്, വൈശാഖ് കെ,ജയേഷ് വി, എന്നിവരെയാണ് സസ്പെന്റ് ചെയ്തത്.

ഇവർക്കെതിരെ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വകുപ്പ് തല അന്വേഷണം നടക്കും.

ക്വാർട്ടേഴ്സ് അനുവദിക്കുന്നതിൽ വീഴ്ച വരുത്തി, മൊബൈൽ ഫോണും ക്വാർട്ടേഴ്സിന്റെ താക്കോലും പിടിച്ചു വെച്ചു, ക്വാർട്ടേഴ്സിൽ നിന്ന് കുമാറിന്റെ അനുമതിയില്ലാതെ സാധനങ്ങൾ മാറ്റി തുടങ്ങിയ കുറ്റങ്ങളാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

ജാതീയമായ വിവേചനമുണ്ടായതായി പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കേസ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുമെന്നും SP ശിവ വിക്രം പറഞ്ഞു

മുൻ ഡെപ്യൂട്ടി കമാണ്ടൻറ് സുരേന്ദ്രന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും എസ്പി പറഞ്ഞു.

അതേ സമയം എസ് സി- എസ്ടി കമ്മീഷൻ അംഗം എസ് അജയകുമാർ പാലക്കാട് AR ക്യാംപിലെത്തി ഉദ്യോഗസ്ഥരിൽ നിന്നും മൊഴിയെടുത്തു.

ജാതീയമായ വിവേചനമുണ്ടായതായി കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എസ് അജയകുമാർ പറഞ്ഞു.

ആരോപണ വിധേയനായ മുൻ ഡെപ്യൂട്ടി കമാണ്ടന്റിനെ വിളിച്ചു വരുത്തി കമ്മീഷൻ മൊഴിയെടുക്കും. കുമാറിന്റെ ഭാര്യ സജിനിയെയും കുടുംബാംഗങ്ങളെയും കണ്ട് ആഗസ്റ്റ് 4 ന് കമ്മീഷൻ മൊഴി രേഖപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here