ചെഗുവേരയുടെ 100 ചിത്രങ്ങള്‍ മകള്‍ അലൈഡ ഗുവേരക്ക് കൈമാറി യുവചിത്രകാരന്‍ അബ്ദുള്‍ റസാക്ക്

ധീര വിപ്ലവകാരി ചെഗുവേരയുടെ പുത്രിക്ക് സ്‌നേഹോപഹാരം നല്‍കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ഇടുക്കിയിലെ യുവചിത്രകാരന്‍.കുമളി സ്വദേശി അബ്ദുള്‍ റസാക്കാണ് താന്‍ വരച്ച ചെഗുവേരയുടെ 100 ചിത്രങ്ങള്‍ മകള്‍ അലൈഡ ഗുവേരക്ക് കൈമാറിയത്.സി പി ഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ ലെനിന്‍സെന്റര്‍ സന്ദര്‍ശിക്കാന്‍ അലൈഡ എത്തിയപ്പോഴായിരുന്നു അബ്ദുള്‍ റസാക്ക് ചിത്രങ്ങള്‍ നല്‍കിയത്.

അബ്ദുള്‍ റസാക്കിനിത് അപൂര്‍വ്വ നിമിഷമായിരുന്നു.സി പി ഐ എം പി ബി അംഗം എം എ ബേബിക്കൊപ്പം ലെനിന്‍ സെന്ററിലെത്തിയ ഡോക്ടര്‍ അലൈഡക്ക് നേതാക്കള്‍ പൂച്ചെണ്ടുകള്‍ നല്‍കി സ്വീകരിക്കുന്നതിനിടെയാണ് അബ്ദുള്‍ റസാക്ക് താന്‍ വരച്ച ചിത്രങ്ങള്‍ അലൈഡക്ക് സ്‌നേഹോപഹാരമായി നല്‍കിയത്.ചെഗുവേരയുടെ വിവിധ കാലഘട്ടങ്ങളിലെ മുഖഭാവങ്ങള്‍ ഒപ്പിയെടുത്ത 100ഓളം ചിത്രങ്ങളാണ് വിപ്ലവേതിഹാസത്തിന്റെ പുത്രിക്ക് കൈമാറിയത്.

സ്‌നേഹപൂര്‍വ്വം ഉപഹാരം സ്വീകരിച്ച അലൈഡ താനും അച്ഛനുമൊത്തുള്ള ചിത്രം ഏറെ കൗതുകത്തോടെ നോക്കി.തന്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണിതെന്ന് അബ്ദുള്‍ റസാക്ക് പറഞ്ഞു.ചെഗുവേരയുടെ ബാല്യം മുതല്‍ രക്തസാക്ഷിത്വം വരെയുള്ള ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ അബ്ദുള്‍ റസാഖിന്റെ ലഘുപുസ്തകം ഈയിടെ പ്രസിദ്ധീകരിച്ചിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്തംഗം കൂടിയായ അബ്ദുള്‍ റസാഖ് നിയമസഭാ സാമാജികരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ പുസ്തക സമാഹാരവും ഏറെ ശ്രദ്ധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News