കേരളത്തില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ താല്‍പ്പര്യമുണ്ട്- ഡോ.അലൈഡ ഗുവേര

കേരളത്തില്‍ ഡോക്ടറായി സേവനമനുഷ്ഠിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഡോ.അലൈഡ ഗുവേര.കൊച്ചിയില്‍ സി പി ഐ എം സംഘടിപ്പിച്ച ക്യൂബന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അലൈഡ.കേരള ജനത നല്‍കുന്ന സ്‌നേഹവായ്പിന് പ്രതിഫലമായി തന്റെ സേവനം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അലൈഡ ഗുവേര പറഞ്ഞു.

ധീര വിപ്ലവകാരി ചെഗുവേരയുടെ മകള്‍ക്ക് കൊച്ചിയില്‍ ലഭിച്ചത് ആവേശോജ്ജ്വല സ്വീകരണമായിരുന്നു.ക്യൂബന്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ഡോ.അലൈഡ ഗുവേരയെ റെഡ് വളണ്ടിയര്‍മാര്‍ ഗാര്‍ഡ്ഓഫ് ഓണര്‍ നല്‍കിയാണ് സ്വീകരിച്ചത്.തുടര്‍ന്ന് ബാലസംഘത്തിലെ കുരുന്നുകള്‍ അലൈഡക്ക് പൂക്കള്‍ നല്‍കി. വിപ്ലവേതിഹാസം ചെഗുവേരയുടെ ചിത്രം ആലേഖനം ചെയ്ത പ്ലക്കാര്‍ഡുകള്‍ക്കും ചെങ്കൊടികള്‍ക്കും നടുവിലൂടെ അലൈഡ വേദിയിലേക്ക്.

വേദിയിലെത്തിയ അലൈഡക്ക് എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉപഹാരം നല്‍കി.ഉപഹാരമായി ലഭിച്ച ക്യാമറയില്‍ അലൈഡ സമ്മേളനത്തിനെത്തിയവരുടെ ദൃശ്യം പകര്‍ത്തിയപ്പോള്‍ നിറഞ്ഞ കയ്യടി.തുടര്‍ന്ന് നടന്ന സമ്മേളനം സി പി ഐ എം പി ബി അംഗം എം എ ബേബി ഉദ്ഘാടനം ചെയ്തു.മലയാളികള്‍ നല്‍കുന്ന സ്‌നേഹവായ്പിന് പ്രതിഫലമായി കേരളത്തില്‍ തന്റെ സേവനം നല്‍കാന്‍ ആഗ്രഹിക്കുന്നതായി ശിശുരോഗ വിദഗ്ധകൂടിയായ ഡോക്ടര്‍ അലൈഡ പറഞ്ഞു.

പ്രസംഗത്തിനിടെ അലൈഡ ഇറ്റാലിയന്‍ വിപ്ലവഗാനം ആലപിച്ചത് സദസ്സിന് ആവേശം പകര്‍ന്നു.ചടങ്ങ് അവസാനിക്കുന്നതിന് തൊട്ടുമുമ്പ് വേദിയിലെത്തിയ കുഞ്ഞ് അലൈഡക്കും ഫിദലിനും ഡോക്ടര്‍ അലൈഡ സ്‌നേഹ ചുംബനം നല്‍കി.സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ച പൊതു പരിപാടികളില്‍ പങ്കെടുത്ത ശേഷം ഡോ അലൈഡ ദില്ലിക്ക് മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News