സുരക്ഷാ ഭീഷണി; അമര്‍നാഥ് തീര്‍ഥാടകരോട് കശ്മീര്‍ വിട്ടുപോകാന്‍ മുന്നറിയിപ്പ്

സുരക്ഷാഭീഷണി നിലനില്‍ക്കുന്നതിനാല്‍ അമര്‍നാഥ് തീര്‍ഥാടകര്‍ എത്രയുംപെട്ടെന്ന് താഴ്വര വിട്ടുപോകണമെന്ന് ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ടൂറിസ്റ്റുകളോടും സുരക്ഷിത ഇടങ്ങളിലേക്ക് മാറാന്‍ ജമ്മുകശ്മീര്‍ ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു. അമര്‍നാഥ് യാത്രയ്ക്കുനേരെ പാകിസ്ഥാന്‍ സൈന്യവും ഭീകരരും ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതായി സൈന്യം അവകാശപ്പെട്ടു.

അമര്‍നാഥ് യാത്രാപാതയില്‍നിന്ന് പാകിസ്ഥാന്‍ നിര്‍മിത കുഴിബോംബുകളും അമേരിക്കന്‍ നിര്‍മിത റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാന്‍ സൈന്യത്തിന്റെ സഹായത്തോടെയാകും ഭീകരാക്രമണം എന്നാണ് റിപ്പോര്‍ട്ട്. തീര്‍ഥയാത്രാപാതയില്‍നിന്ന് പാക്സൈന്യത്തിന്റെ കുഴിബോംബും ടെലിസ്‌കോപ്പ് ഘടിപ്പിച്ച എം 24 അമേരിക്കന്‍ സ്നൈപ്പര്‍ തോക്കും കണ്ടെത്തിയതായി ചിന്നാര്‍ കോര്‍പ്സ് കമാണ്ടര്‍ ലെഫ്റ്റനന്റ് ജനറല്‍ കെജെഎസ് ധില്ലന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍, ഏതുഭാഗത്ത് നടത്തിയ തെരച്ചിലിലാണ് ആയുധങ്ങള്‍ കണ്ടെത്തിയതെന്ന് വിശദീകരിച്ചില്ല.

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം 25,000 അര്‍ധസൈനികര്‍കൂടി കശ്മീരിലെത്തി. ഇവരെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വിന്യസിച്ചുതുടങ്ങിയതായി ഡിജിപി ദില്‍ബാഗ്സിങ് അറിയിച്ചു. 10,000 അര്‍ധസൈനികരെ അധികം വിന്യസിച്ച് ഒരാഴ്ച തികയും മുമ്പാണ് 25,000 പേരെ കൂടി താഴ്വരയില്‍ നിയോഗിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ മുനിസിപ്പല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി 40,000 അര്‍ധസൈനികരെ വിന്യസിച്ചു. ഇതോടെ താഴ്വരയിലെ മൊത്തം അര്‍ധസൈനികരുടെ എണ്ണം 75,000 ആയി. യുഎപിഎ, എന്‍ഐഎ ഭേദഗതി ബില്ലുകള്‍ പാര്‍ലമെന്റ് അംഗീകരിച്ചതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ശനമായ നടപടികളിലേക്ക് നീങ്ങുന്നത്.

കശ്മീരിന് പ്രത്യേകപദവി നല്‍കുന്ന ഭരണഘടനയിലെ 35എ, 370 അനുച്ഛേദങ്ങള്‍ സര്‍ക്കാര്‍ അസാധുവാക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്. പിഡിപിയും നാഷണല്‍ കോണ്‍ഫ്രന്‍സും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെ ആശങ്ക അറിയിച്ചു. ജമ്മുവിനെ പ്രത്യേകസംസ്ഥാനമായും കശ്മീരിനെയും ലഡാക്കിനെയും കേന്ദ്രഭരണപ്രദേശങ്ങളായും പ്രഖ്യാപിക്കുമെന്നും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചാരണം ശക്തമാണ്. താഴ്വര വീണ്ടും അശാന്തമാകുമെന്ന സൂചനകള്‍ ലഭിച്ചതോടെ സാധാരണ ജനങ്ങള്‍ റേഷനും കുടിവെള്ളവും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങള്‍ സംഭരിക്കാന്‍ തുടങ്ങി. പഞ്ചാബിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പഠാന്‍കോട്ട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News