തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടം നടക്കുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമിന് ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ് അറിയപ്പെടുന്നത് നടിയും മോഡലുമെന്ന പേരില്‍.

വര്‍ഷങ്ങളായി അബുദാബിയിലായിരുന്ന ഇവര്‍ക്ക് കേരളത്തിനകത്തും പുറത്തുമുള്ള ഐഎഎസുകാരുമായി അടുത്ത ബന്ധമുള്ളതായാണ് റിപ്പോര്‍ട്ടുകള്‍.

ശ്രീറാമിനോടുള്ള ആരാധന ഫേസ്ബുക്ക് വഴി സൗഹൃദത്തിലേക്കെത്തിച്ചെന്നാണ് നാവായിക്കുളം സ്വദേശിയായ വഫയുടെ മൊഴി. നിരന്തരം മെസേജുകള്‍ അയച്ചാണ് സൗഹൃദം വളര്‍ന്നത്. പട്ടം മരപ്പാലത്താണ് ഇപ്പോള്‍ താമസം.

സിവില്‍ സര്‍വീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെപോലും സൗഹൃദം സമ്പാദിക്കാന്‍ പ്രത്യേക താല്‍പ്പര്യം കാണിക്കുന്ന വഫയുടെ വിദേശവാസം, മോഡലിങ് രംഗത്തെ സംഭാവന തുടങ്ങി എല്ലാവിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി.

തലസ്ഥാനത്ത് കവടിയാറില്‍ ഐഎഎസുകാരുടെ ക്ലബ്ബില്‍ ആഘോഷത്തിന് മൂക്കറ്റം മദ്യപിച്ച ശ്രീറാമിനെ തിരികെ വിടാനായിരുന്നു വഫ എത്തിയത്. തന്നെ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വഫയുടെ മൊഴി.

കവടിയാര്‍ വിവേകാനന്ദപ്പാര്‍ക്കിലെത്തിയ വഫയുടെ കാറില്‍ ശ്രീറാം കയറി. കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നില്‍ വണ്ടി ശ്രീറാം നിര്‍ബന്ധിച്ച് നിര്‍ത്തിപ്പിച്ചു. തുടര്‍ന്ന് ഡ്രൈവിങ് സീറ്റിലിരുന്ന ശ്രീറാം അമിതവേഗത്തില്‍ വാഹനമോടിച്ചു. ഒടുവില്‍ അപകടമുണ്ടായി.