എത്രയോ രാത്രികളില്‍ വീട്ടിലെത്തിയത് ഭാഗ്യം; ബഷീറിന് ഇനി വേണ്ടത് മരണാനന്തര നീതി

ഒരു മഹായുദ്ധത്തിലെന്ന പോലെയാണ് ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് റോഡപകടത്തില്‍ കൊല്ലപ്പെടുന്നത്. പാതിരാക്ക് പണി കഴിഞ്ഞു മടങ്ങുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ മരണമാണ് ഇപ്പോള്‍ ആ യുദ്ധ നിലത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതി സ്ഥാനത്ത് കേരളം വാഴ്ത്തിപ്പാടിയ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമാണ്. അധികാര സ്ഥാനത്തിരിക്കുന്നവര്‍ക്ക് വേഗം കഥയാക്കി മാറ്റാവുന്ന ഒരു അപകട മരണം മാത്രമാണിത്. എന്നാല്‍ തലസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ കെ എം ബഷീറിന് മരണാനന്തര നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ്.

പ്രമുഖ മാധ്യമപ്രവര്‍ത്തകനും ചലച്ചിത്ര വിമര്‍ശകനും സംവിധായകനുമായ പ്രേംചന്ദ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘നേരിട്ട് കണ്ടിട്ടില്ല, സംസാരിച്ചിട്ടുമില്ല. എന്നിട്ടും പാതിരാക്ക് പണി കഴിഞ്ഞു മടങ്ങുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ദാരുണ മരണം വേദനയായി നീറുന്നു. അത്തരം പാതിരാമടക്കം ജീവിതത്തിന്റെ ഭാഗമായിരുന്നിട്ടുള്ള ആര്‍ക്കും ബഷീറിന്റെ മരണം മുറിവേല്പിക്കും. എത്രയോ രാത്രികളില്‍ വീട്ടിലെത്തിയത് ഭാഗ്യം എന്ന് വിളിക്കുന്ന അന്ധ സാധ്യത കൊണ്ട് മാത്രമാണ്.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ മരണപാതകളായി മാറുന്ന റോഡുകളെക്കുറിച്ച് അത്രയധികം എഡിറ്റോറിയലുകള്‍ എഴുതിയിട്ടുണ്ട്. ഈ മാസവും എഴുതി രണ്ടെണ്ണം. പുതിയ കേന്ദ്ര ഗതാഗത നിയമം വന്നപ്പോഴും ദേശീയപാതക്ക് വഴി ഒരുങ്ങിയപ്പോഴും. ഒരു മഹായുദ്ധത്തില്‍ കൊല്ലപ്പെടുന്നവരാണ് ഓരോ വര്‍ഷവും നമ്മുടെ രാജ്യത്ത് റോഡപകടത്തില്‍ കൊല്ലപ്പെടുന്നത്.

ഒന്നര ലക്ഷം പ്രതിവര്‍ഷം. കേരളത്തില്‍ നാലായിരത്തിലേറെ എല്ലാ വര്‍ഷവും. മരിച്ചു ജീവിക്കുന്നവര്‍ പിന്നെയും ലക്ഷങ്ങള്‍ . എങ്ങിനെയാണ് മറ്റു ജീവന്‍ ഇല്ലാതാക്കുന്ന രീതിയില്‍ വാഹനമോടിക്കാന്‍ ആര്‍ക്കെങ്കിലും അവകാശമുണ്ടാവുക എന്ന് ഓര്‍ത്ത് എന്നും നടുങ്ങിയിട്ടുണ്ട്. മിനയാന്നുമുണ്ടായി ഒരു ഞെട്ടിച്ച ഒരു ദുരനഭവം. ജോണ്‍ സിനിമയുടെ ഡബ്ബിങ്ങ് കഴിഞ്ഞ് ചങ്ങരംകുളത്ത് നിന്ന് രാത്രി മടങ്ങുമ്പോള്‍ നേരെ എതിരായി ഒരു കെ.എസ്.ആര്‍.ടി.സി. ബസ്സ് കുതിച്ചു വരുന്നു.

പാപ്പാത്തിയാണ് ഡ്രൈവ് ചെയ്യുന്നു. ഞാന്‍ ഒപ്പമിരിക്കുന്നു. പിന്‍സീറ്റില്‍ സുഹൃത്ത് കൌണ്‍ വിനോദുണ്ട്. ഒരു നിമിഷം പാപ്പാത്തി രക്ഷപ്പെടാന്‍ വലത്തോട്ട് തിരിക്കാന്‍ നോക്കി. ഒരര്‍ദ്ധ നിമിഷമേ ഉള്ളു: അതാപത്ത് റോഡിന് പുറത്തേക്ക് കാര്‍ ഇടത്തോട്ട് തിരിച്ച് ചാടിച്ചോ , മറ്റൊന്നും നോക്കേണ്ട എന്ന് നിര്‍ദ്ദേശിച്ചു. ഇരുട്ടില്‍ ഒന്നും കാണാതെ എടുത്തു ചാടിയപ്പോള്‍ താങ്ങി നിര്‍ത്തിയ കുറ്റിക്കാട് രക്ഷിച്ചു. അവിടെ അഗാധമായ ഗര്‍ത്തമായിരുന്നെങ്കില്‍ ബാക്കി ഊഹിക്കാനേ വഴിയുള്ളു.

എത്രയോ വാഹനങള്‍ അങ്ങിനെ മറിഞ്ഞു കിടക്കുന്നത് യാത്രയില്‍ കണ്ടിട്ടുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ എന്ന കേരളം സ്‌നേഹിച്ച ഒരുദ്യോഗസ്ഥന്‍ സഞ്ചരിച്ച കാറാണ് അമിത വേഗതയിലുള്ള കുതിപ്പില്‍ സിറാജ് പത്രത്തിന്റെ ബ്യൂറോ ചീഫ് കെ.എം. ബഷീറിന്റെ ജീവനെടുത്തത് . ശ്രീറാമാണ് വണ്ടി ഓടിച്ചത് എന്ന് അപകടം കണ്ടവരുടെ മൊഴിയുണ്ട്. എന്നാല്‍ താനല്ല ഓടിച്ചതെന്ന് ശ്രീറാം പറഞ്ഞത്രെ. ഒപ്പമുണ്ടായിരുന്ന സ്ത്രീ താനാണ് വണ്ടി ഓടിച്ചതെന്നും പറഞ്ഞത്രെ . ശ്രീറാം അമിതമായി മദ്യപിച്ചിരുന്നു എന്ന് സാക്ഷികള്‍.

എന്നിട്ടും രക്ത പരിശോധന നടന്നില്ല . ഒപ്പമുണ്ടായിരുന്ന സ്ത്രീയെ പോലീസ് വീട്ടിലേക്കയച്ചു. വണ്ടി ആരോടിച്ചു എന്നത് അധികാരത്തിന്റെ ഉന്നത സ്ഥാനത്തെത്തുമ്പോഴേക്കും ക്രൈം ത്രില്ലറാക്കി മാറ്റുക എന്നത് പോലീസിന്റെ പതിവ് റാഷമോണ്‍ രീതി മാത്രം. അത് ആവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തെ രാജവീഥിയിലെ എല്ലാ സി.സി .ടീവികളും തല്‍സമയം കണ്ണടച്ചു എന്നത് ഞെട്ടിക്കുന്നതാണ്.

മരണത്തെ കഥയാക്കി ഇല്ലാതാക്കുക എന്നത് അധികാര ചരിത്രത്തിന്റെ തനിയാവര്‍ത്തന രീതിയാണ്. എന്നാല്‍ ബഷീറിന്റെ മരണത്തില്‍ തിരുവനന്തപുരത്തെ പത്രപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പോരാടുന്നത് ആത്മാഭിമാനത്തിന്റെ നിമിഷം തന്നെ.

പുലര്‍ച്ചെ മുതല്‍ ഏഷ്യാനെററിലെ പ്രിയ സുഹൃത്ത് കമലേഷ് ക്യാമറയുമായി പോരാടുന്നത് കണ്ടപ്പോള്‍ പത്രപ്രവര്‍ത്തനത്തിലെ പ്രിയ ഗുരുവും വഴികാട്ടിയുമായ കെ.ജയചന്ദ്രന്‍ ഇനിയും മരിച്ചിട്ടില്ല എന്ന് ബോധ്യമായി. കമലേഷ് ഉണ്ട് എന്നത് ജീവിച്ചിരിക്കുന്നതിന്റെ തന്നെ പ്രത്യാശയാണ് .ബഷീറിന് ഇനി ലഭ്യമാക്കേണ്ട മരണാനന്തര നീതിക്കായി കമലേഷും തിരുവനന്തപുരത്തെ മാധ്യമ പ്രവര്‍ത്തകരും പോരാടും എന്ന് ഉറച്ച് വിശ്വസിക്കാം . അപകടമുണ്ടായ ഉടന്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ തിരുത്താനുള്ള പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. വിടരുത്.

കെ.എം.ബഷീറിന് ആദരാജ്ഞലികള്‍ . പ്രണാമം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News