സൗമ്യമായ പെരുമാറ്റം; സജീവമായ പ്രവര്‍ത്തനം;ശ്രദ്ധേയനായിരുന്നു ബഷീറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. സൗമ്യമായ പെരുമാറ്റത്തിലൂടെയും സജീവമായ പ്രവര്‍ത്തനത്തിലൂടെയും തലസ്ഥാന നഗരിയിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ശ്രദ്ധേയനായിരുന്നു ബഷീര്‍. അകാലത്തിലുള്ള വിയോഗത്തിലൂടെ ഭാവിയുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് നഷ്ടപ്പെട്ടത്. കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അനുശോചനം അറിയിച്ചത്. ബഷീറിന്റെ അപകട മരണത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി.

കെ എം ബഷീറിന്റെ അപകട മരണത്തില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അനുശോചനം അറിയിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി അനുശോചനം അറിയിച്ചത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ. മുഹമ്മദ് ബഷീറിന്റെ അപകട മരണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞ നോമ്പുതുറക്ക് ക്ഷണിക്കാനെത്തിയ ബഷീറിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. അദ്ദേഹത്തിന്റെ അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കണം എന്ന അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ആവശ്യം ന്യായമാണ്. അപകട മരണത്തിന് കാരണക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരേണ്ടതുണ്ട്. അദ്ദേഹത്തിന്റെ അകാലത്തിലുള്ള നിര്യാണത്തില്‍ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

മുഹമ്മദ് ബഷീറിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദു:ഖത്തില്‍ പങ്കുചേരുന്നതായി കോടിയേരി ഫേസ്ബുക്കില്‍ കുറിച്ചു. ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നില്‍ വെച്ചാണ് അപകടം ഉണ്ടായത്. റോഡരികില്‍ നിര്‍ത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റ കാര്‍ ഇടിക്കുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യയുടെ പേരില്‍ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തിനുമെതിരെ കേസ് ചാര്‍ജ് ചെയ്തിട്ടുണ്ടെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. വാഹനം ശ്രീറാം വെങ്കിട്ടറാമിന്റെ പേരിലുളളതല്ലെന്നും സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ ട്രാന്‍സ്പോര്‍ട് സെക്രട്ടറിയോടും ജില്ലാ കല്ലെക്ടറോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. വാഹനം ഓടിച്ച ആളുടെ ലൈസെന്‍സ് റദ്ദാക്കുമെന്നും കുറ്റം ചെയ്ത ആരെയും രക്ഷപെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here