മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ച് കൊന്ന കേസ്; ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊന്നക്കേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍.

ശ്രീറാം ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലെത്തിയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന മരപ്പാലം സ്വദേശിനി വഫ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ജാമ്യമില്ലാവകുപ്പ് പ്രകാരമാണ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. പൊലീസ് കസ്റ്റഡിയില്‍ ശ്രീറാം ആശുപത്രിയില്‍ തുടരുമെന്നാണ് സൂചന.

അപകടത്തിന് ഇടയാക്കിയ കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് വഫ ഫിറോസും പൊലീസിന് മൊഴി നല്‍കിയിരുന്നു.രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പറഞ്ഞു.

രാത്രി 12.40ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്.

കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ദൃക്സാക്ഷികള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായും അവര്‍ പറഞ്ഞു.

ശനിയാഴ്ച പുലര്‍ച്ചെയാണ് വഫയും ശ്രീറാം വെങ്കിട്ടരാമനും സഞ്ചരിച്ചിരുന്ന കാറിടിച്ച് സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിക്കുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here