നവി മുംബൈ ഖാർഘറിൽ ഒഴുക്കിൽപ്പെട്ടു മരിച്ചവരിൽ മലയാളി പെൺകുട്ടിയും

ഇന്ന് രാവിലെ ഖാർഘർ പാണ്ഡവ്കട വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ 4 പെൺകുട്ടികളിൽ മലയാളിയും.

ഇവരിൽ 3 പെർ നെരൂൾ എസ്ഐഇഎസ് കോളേജിലെ വിദ്യാർത്ഥിനികളാണെന്നാണ് അറിയാൻ കഴിഞ്ഞത്. ആരതി നായർ, നേഹ ദാമ, ശ്വേത നന്ദ, ശ്വേത ജെയിൻ എന്നിവരാണ് അപകടത്തിൽ പെട്ട് മരണമടഞ്ഞത്.

18 നും 19 നും ഇടക്കാണ് ഇവരുടെ പ്രായം. മരിച്ച ആരതി നായർ നെരൂൾ സെക്ടർ 15 ലാണ് രക്ഷിതാക്കളോടൊപ്പം താമസം. ഇവർ പാലക്കാട്ട് സ്വദേശികളാണ്

കോളേജിൽ നിന്നും ക്ലാസിൽ കയറാതെ മഴ ആഘോഷിക്കാനായി പിക്‌നിക് പോയ 9 കുട്ടികളിൽ 4 പേരാണ് മരണമടഞ്ഞത്.

5 പേരെ രക്ഷപ്പെടുത്താനായി. സംഭവം നടന്നത് ഏകദേശം 11 മണിയോട് കൂടിയായിരുന്നു. അപകടം നിറഞ്ഞ ഈ സ്ഥലത്ത് പോകുന്നതിന് നിരോധനം നില നിൽക്കുമ്പോഴാണ് സാഹസത്തിനായി ഒമ്പതംഗ സംഘം മുതിർന്നത്.

നിരോധനാജ്ഞ നിലനിൽക്കുന്ന ഈ പ്രദേശത്ത് എങ്ങിനെ ഇത്രയും പേർ എത്തി ചേർന്നുവെന്നത് ദുരൂഹതയാണെന്ന് സംഭവ സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2010 ൽ പന്ത്രണ്ടോളം കുട്ടികൾ ഈ പ്രദേശത്ത് അപകടത്തിൽ പെട്ട് മരിച്ചതിന് ശേഷമായിരുന്നു ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്തേക്ക് വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

കനത്ത മഴയുണ്ടായിരുന്നുവെങ്കിലും രാവിലെ 7.30 ന് തന്നെ സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിച്ചുവെന്ന് കോളേജ് പ്രിൻസിപ്പൽ മിലിന്ദ് വൈദ്യ മാധ്യമങ്ങളോട് പറഞ്ഞു.

എന്നാൽ ഈ മൂന്നു കുട്ടികൾ ക്ലാസ്സിൽ എത്താതിരുന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അപകട വിവരം അറിയുന്നത് മാധ്യമങ്ങൾ വഴിയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here