കേരള കോൺഗ്രസ് എം തെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് തിരിച്ചടി; തൊടുപുഴ കോടതി വിധി ഇടുക്കി മുൻസിഫ് കോടതി ശരിവച്ചു

കേരള കോൺഗ്രസ് എം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജോസ് കെ മാണിക്ക് തിരിച്ചടി. ജോസ് കെ മാണിയെ ചെയർമാനാക്കിയത് തടഞ്ഞ തൊടുപുഴ കോടതി വിധി ഇടുക്കി മുൻസിഫ് കോടതി ശരിവച്ചു. പിജെ ജോസഫ് വിഭാഗം നൽകിയ ഹർജിയിലാണ് കോടതി നടപടി.

ജൂൺ 16ന് കോട്ടയത്ത് വെച്ച് നടന്ന യോഗത്തിലായിരുന്നു ഒരു വിഭാഗം ജോസ് കെ മാണിയെ ചെയർമാനാക്കിയത്.

ഇതിനെതി പിജെ ജോസഫ് വിഭാഗം പരാതി നൽകുകയായിരുന്നു. നടപടി ക്രമങ്ങൾ പാലിക്കാതെയും പാർട്ടിയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായും നടന്ന തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ജോസഫ് വിഭാഗത്തിന്റെ ഹർജി.

പരാതി പരിഗണിച്ച തൊടുപുഴ മുൻസിഫ് കോടതി ജോസ് കെ മാണിയെ ചെയർമാനാക്കിയ നടപടി സ്റ്റേ ചെയ്തു. ജോസ് കെ മാണിയുടെ പുന:പരിശോധനാ ഹർജി പരിഗണിക്കവെ ജഡ്ജി പിൻമാറിയതോടെ, കേസ് ഇടുക്കി മുൻസിഫ് കോടതിയിലെത്തി.

ഇരു വിഭാഗത്തിന്റെയും വിശദമായ വാദം കേട്ട ശേഷമാണ് മുൻസിഫ് മജിസ്ട്രേറ്റ് രശ്മി രവീന്ദ്രൻ സ്റ്റേ നിലനിൽക്കുമെന്ന് വ്യക്തമാക്കിയത്. വിധി ജോസഫ് വിഭാഗം സ്വാഗതം ചെയ്തു.

ഇടുക്കി മുൻസിഫ് കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് ജോസ് കെ മാണി വിഭാഗം വ്യക്തമാക്കി.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ പിജെ ജോസഫ് പാർട്ടിയിൽ കരുത്തനാകുകയാണ്. ഉപതിരഞ്ഞെടുപ്പിൽ ജോസ് പക്ഷത്തിന്റെ തട്ടകമായ പാലായിൽ ജോസഫ് സ്വന്തം സ്ഥാനാർത്ഥിയെ നിർത്താനുള്ള സാധ്യത വർധിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here