കാശ്മീര്‍ താഴ്‌വരയിൽ ആശങ്കയും അനിശ്‌ചിതത്വവും; വിദ്യാർഥികളും തൊഴിലാളികളും സംസ്ഥാനം വിട്ടുതുടങ്ങി; മൗനംവെടിയാതെ കേന്ദ്രവും

ജമ്മു കാശ്‌മീരിൽ സുപ്രധാന രാഷ്ട്രീയനീക്കങ്ങൾക്ക്‌ കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന സൂചന ശക്തമായതോടെ താഴ്‌വരയിൽ ആശങ്കയും അനിശ്‌ചിതത്വവും. കശ്‌മീരിന് പ്രത്യേക അധികാരങ്ങൾ നൽകുന്ന ഭരണഘടനാ അനുച്ഛേദങ്ങൾ അസാധുവാക്കുമെന്നും സംസ്ഥാനം മൂന്നായി വിഭജിക്കുമെന്നും മറ്റുമുള്ള അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിക്കുമ്പോൾ സർക്കാർ മൗനം തുടരുകയാണ്‌.

ആയിരങ്ങൾ പങ്കെടുക്കാറുള്ള കിഷ്‌ത്‌വാടിലെ മച്ചേൽ പഡ്ഡർ തീർഥയാത്രയും സുരക്ഷാപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഗവർണർ സത്യപാൽ മലിക്‌ ശനിയാഴ്‌ച റദ്ദാക്കി. വെള്ളിയാഴ്‌ച അമർനാഥ്‌ തീർഥയാത്രയും റദ്ദാക്കിയിരുന്നു. പുറത്തുനിന്നുള്ള വിദ്യാർഥികളും തൊഴിലാളികളും സംസ്ഥാനം വിടാൻ തുടങ്ങി. ജനങ്ങൾ അവശ്യസാധനങ്ങൾ ശേഖരിക്കുന്ന തിരക്കിലാണ്‌.

പലചരക്കുകടകളിലും പെട്രോൾപമ്പുകളിലും എടിഎമ്മുകളിലും വലിയ തിരക്കാണ്‌. കശ്‌മീരിലേക്ക്‌ പോകരുതെന്നും നിലവിലുള്ളവർ എത്രയും വേഗം മടങ്ങണമെന്നും ബ്രിട്ടനും ജർമനിയും ഓസ്‌ട്രേലിയയും പൗരൻമാരോട്‌ നിർദേശിച്ചു.

അമർനാഥ്‌ തീർഥാടകരും വിനോദസഞ്ചാരികളും ഉടൻ മടങ്ങണമെന്ന്‌ സർക്കാർ നിർദേശം നൽകിയതിനെത്തുടർന്ന്‌ ശനിയാഴ്ച രാവിലെമുതൽ ശ്രീനഗറിലെ വിമാനത്താവളങ്ങളിൽ വൻതിരക്കാണ്‌. 200 വിദേശികൾ ഉൾപ്പടെ 11,000ത്തിൽ അധികം സന്ദർശകർ കശ്‌മീരിലുണ്ടായിരുന്നു. ശ്രീനഗറിൽനിന്ന്‌ ഡൽഹിക്കുള്ള വിമാനടിക്കറ്റ്‌ 22,000 രൂപവരെയായി ഉയർന്നു.

കേന്ദ്രസർക്കാർ സ്വീകരിച്ച അസാധാരണ നടപടികളെക്കുറിച്ച്‌ പാർലമെന്റിൽ വിശദീകരിക്കണമെന്ന ആവശ്യവുമായി രാഷ്ട്രീയപാർടികളും രംഗത്തെത്തി. നാഷണൽ കോൺഫറൻസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുള്ള ഗവർണർ സത്യപാൽ മലിക്കിനെ സന്ദർശിച്ചു. 370, 35എ വകുപ്പുകൾ റദ്ദാക്കാൻ നീക്കം നടക്കുന്നില്ലെന്നും അവസാനവാക്ക്‌ തന്റേതല്ലെന്നും ഗവർണർ പറഞ്ഞതായി ഒമർ അബ്‌ദുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഷോപ്പിയാനിലും ബാരാമുള്ളയിലും ഉണ്ടായ വ്യത്യസ്‌ത ഏറ്റുമുട്ടലുകളിൽ ജയ്‌ഷെ ഇ മുഹമദ്‌ കമാൻഡർ ഉൾപ്പെടെയുള്ള നാല്‌ ഭീകരർ കൊല്ലപ്പെട്ടു. ബാരാമുള്ള സോപ്പുരിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട്‌ ഭീകരരും ദക്ഷിണ ഷോപ്പിയാനിലെ ഏറ്റുമുട്ടലിൽ രണ്ട്‌ ഭീകരരും കൊല്ലപ്പെട്ടതായാണ്‌ റിപ്പോർട്ട്‌. ഒരു സൈനികനും കൊല്ലപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here