കണ്ണീരോടെ ഖാർഘർ;  ആരതിയുടെ അകാല വേർപാടിൽ മനം നൊന്ത് കുടുംബാംഗങ്ങൾ 

നെരൂൾ സെക്ടർ 15 NL 6 ൽ താമസിക്കുന്ന രാജശേഖരൻ നായരുടെയും കുടുംബിനിയായ രേഖാ നായരുടെയും മൂന്ന് മക്കളിൽ ഇളയ മകളാണ്  ആരതി നായർ. ശനിയാഴ്ച രാവിലെ കോളേജിലേക്ക് പോയ മകളുടെ മരണ വാർത്തയാണ് ഉച്ചയോടെ ഈ കുടുംബത്തെ തേടിയെത്തിയത്.   ട്രാൻസ്‌പോർട്ട്   രംഗത്ത് പ്രവർത്തിക്കുന്ന രാജശേഖരൻ നായരും ഭാര്യ  രേഖയും കേരളത്തിൽ പാലക്കാട്ട് സ്വദേശികളാണ്.  രണ്ടു ആൺ മക്കളും ജോലിക്കാരാണ്. കൊച്ചനിയത്തിയുടെ പ്രജ്ഞയറ്റ ശരീരം കാണുവാനായി അവർ ചെന്നൈയിൽ നിന്നെത്തും .

പഠിക്കാൻ മിടുക്കിയായ ആരതി ഡിഗ്രി രണ്ടാം വർഷ വിദ്യാർത്ഥിയാണ്.  ഇന്ന് രാവിലെ ഖാർഘർ പാണ്ഡവ്കട വെള്ളച്ചാട്ടത്തിലെ ഒഴുക്കിൽ പെട്ട് മരണമടഞ്ഞ 4 പെൺകുട്ടികളിൽ ഒരാളായിരുന്നു ആരതി നായർ.  ആരതിയടക്കം  3 പെർ   നെരൂൾ SIES കോളേജിലെ വിദ്യാർത്ഥിനികളാണ്.  നേഹ ദാമ, ശ്വേത നന്ദ, ശ്വേത ജെയിൻ എന്നിവരാണ് അപകടത്തിൽ പെട്ട മറ്റ് കുട്ടികൾ.  18നും 19 നും ഇടക്കാണ് ഇവരുടെ പ്രായം.

കോളേജിൽ പറയാതെ  ലെക്ചർ ഒഴിവാക്കി മഴ ആഘോഷിക്കാൻ പോയ 9 കുട്ടികളിൽ 4 പേരാണ് മരണമടഞ്ഞത്. 5 പേരെ രക്ഷപ്പെടുത്താനായി. മരിച്ച രണ്ടു പേരുടെ മൃതദേഹം കണ്ടു കിട്ടി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുന്നു. സംഭവം നടന്നത് രാവിലെ ഏകദേശം 11 മണിയോട് കൂടിയായിരുന്നു.

അപകടം നിറഞ്ഞ ഈ വിനോദകേന്ദ്രത്തിൽ പോകുന്നതിന് വിലക്ക് നില  നിലനിൽക്കുമ്പോഴാണ് ഒരു വലിയ സാഹസത്തിനായി ഒമ്പതംഗ സംഘം മുതിർന്നത്. നിരോധനാജ്ഞ നിലനിൽക്കുന്ന ഈ പ്രദേശത്ത് എങ്ങിനെ ഇത്രയും പേർ എത്തി ചേർന്നുവെന്നത് ദുരൂഹതയാണെന്ന് സംഭവ സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

2010 ൽ പന്ത്രണ്ടോളം കുട്ടികൾ ഈ പ്രദേശത്ത് അപകടത്തിൽ പെട്ട് മരിച്ചതിന് ശേഷമായിരുന്നു ഈ വെള്ളച്ചാട്ടത്തിന്റെ പരിസരത്തേക്ക്  വരുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

കനത്ത മഴയുണ്ടായിരുന്നുവെങ്കിലും രാവിലെ 7.30 ന്  തന്നെ സാധാരണ രീതിയിൽ ക്ലാസുകൾ ആരംഭിച്ചുവെന്ന് കോളേജ് പ്രിൻസിപ്പൽ മിലിന്ദ് വൈദ്യ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ മൂന്നു കുട്ടികൾ ക്ലാസ്സിൽ എത്താതിരുന്നതിനെ കുറിച്ച് വിവരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും അപകട വിവരം അറിയുന്നത് മാധ്യമങ്ങൾ വഴിയായിരുന്നെന്നും  അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News