സംസ്ഥാനത്തെ അണക്കെട്ടുകളിലുള്ളത് 86 ദിവസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളം; മ‍ഴ കനിഞ്ഞില്ലെങ്കില്‍ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത

മഴ ശക്തമായില്ലെങ്കിൽ 16നുശേഷം വൈദ്യുതിനിയന്ത്രണം ഏർപ്പെടുത്തേണ്ടിവരുമെന്ന്‌ വൈദ്യുതി ബോർഡ്‌. നിലവിലെ സ്ഥിതി തുടർന്നാൽ  ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യമാണെന്ന്‌ ബോർഡ്‌ ഉന്നതതലയോഗം വിലയിരുത്തി. 86 ദിവസത്തെ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളമേ അണക്കെട്ടുകളിലുള്ളൂവെന്ന്‌ യോഗശേഷം ചെയർമാൻ എൻ എസ്‌ പിള്ള പറഞ്ഞു.

16ന്‌ സമിതിയോഗം ചേർന്നശേഷമാണ്‌ നിയന്ത്രണത്തെക്കുറിച്ച്‌ തീരുമാനിക്കുക. ദിവസം 70 മുതൽ 75 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി സംസ്ഥാനത്തിന്‌  ആവശ്യമുണ്ട്‌.  കേന്ദ്ര വിഹിതം ഉൾപ്പെടെ മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നും  64 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി  കേരളത്തിലെത്തിക്കാനുള്ള സൗകര്യമേ നിലവിലുള്ളൂ.

വ്യാഴാഴ്‌ച എല്ലാ സംഭരണികളിലുമായി 869.05 ദശലക്ഷം യൂണിറ്റ്‌ വൈദ്യുതി ഉൽപ്പാദനത്തിനുള്ള വെള്ളമാണുള്ളത്‌. മൊത്തം സംഭരണശേഷിയുടെ 21 ശതമാനമാണിത്‌. കഴിഞ്ഞവർഷം ഇത്‌ 92 ശതമാനമായിരുന്നു.

 ജൂലൈ 15നുശേഷം 362.3 ദശലക്ഷം യൂണിറ്റ്‌ ഉൽപാദിപ്പിക്കാനുള്ള വെള്ളം ഒഴുകിയെത്തി. നിലവിൽ പ്രതിദിനം ശരാശരി ഒമ്പത്‌ ദശലക്ഷം യൂണിറ്റ്‌ ഉൽപ്പാദനത്തിനുള്ള നീരൊഴുക്കുണ്ട്‌. തുടർ മാസങ്ങളിൽ മഴയുടെ പകുതിയെങ്കിലും ലഭിച്ചാൽ പ്രതിസന്ധി മറികടക്കാൻ കഴിയൂ.

ഈ മാസത്തെ മഴയുടെ ലഭ്യതയിൽ വലിയ കുറവുണ്ടായാൽ മറ്റ്‌ നടപടികൾ ആലോചിക്കും. കേന്ദ്ര പൂളിൽനിന്നുള്ള വൈദ്യുതി ലഭ്യതയിൽ ഏറ്റക്കുറച്ചിലുകൾ തുടരുമെന്നാണ്‌ വിലയിരുത്തൽ. പ്രസരണശേഷി കണക്കിലെടുത്ത്‌ പരമാവധി വൈദ്യുതി പുറത്തുനിന്ന്‌ വാങ്ങി ഉപയോഗിക്കാനാണ്‌ തീരുമാനം.

ഇതിലൂടെ സംഭരണികളിൽ കഴിയുന്നത്ര വെള്ളം സൂക്ഷിക്കും. മഴക്കുറവുമൂലമുള്ള  കമ്മി നികത്താനായി  കേന്ദ്ര സർക്കാരിന്റെ ഇ–- പോർട്ടൽ വഴി ഹ്രസ്വകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങാൻ സംസ്ഥാന വൈദ്യുതി റെഗുലേററ്റി കമീഷന്റെ അനുമതി തേടും. നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള എല്ലാ സാധ്യതകൾ തേടാനും യോഗം തീരുമാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News