കേരള എക്‌സ്പ്രസ് ഒരു തീവണ്ടി മാത്രമല്ല; കേരള ജീവിത വൈവിധ്യങ്ങളുടെ അക്ഷയഖനി

2011 സെപ്തംബറിലാണ് കേരള എക്‌സ്പ്രസ് കൈരളി ന്യൂസില്‍ യാത്ര തുടങ്ങിയത്. അടുത്ത മാസം എട്ട് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഇത്രയും കാലദൈര്‍ഘ്യമുള്ള ഒരു പരിപാടി മലയാള ടെലിവിഷനില്‍ ഇപ്പോള്‍ അപൂര്‍വ്വമാണ്.

രവീന്ദ്രന്റെ എന്റെ കേരളത്തിന് ശേഷം മലയാളിയുടെ ജീവിത വൈവിധ്യങ്ങളിലേക്കുള്ള ജാലകമാണ് കേരള എക്‌സ്പ്രസെന്ന് എഴുതുന്നു പ്രസിദ്ധ കലാചരിത്രകാരനും നിരൂപകനുമായ ജോണി എം എല്‍. 27 വര്‍ഷത്തിനു ശേഷം കേരളത്തില്‍ തിരിച്ചെത്തിയ തനിക്ക് കേരളത്തെ കുറച്ചു കൂടി അടുത്തറിയാന്‍ സഹായിച്ചത് ഈ പരിപാടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

ജോണി എം എല്‍ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം.

‘ഇരുപത്തിയേഴു വര്‍ഷങ്ങള്‍ കേരളത്തില്‍ നിന്ന് മാറി നിന്ന എനിയ്ക്ക് തിരുവനന്തപുരത്ത് വന്നതോടെ കേരളത്തെ കുറച്ചു കൂടി അടുത്തറിയാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് അന്വേഷിച്ചു. ഏഷ്യനെറ്റ് തുടങ്ങിയ കാലത്ത് ‘എന്റെ കേരളം’ എന്ന പേരില്‍ രവീന്ദ്രന്‍ അവതരിപ്പിച്ചിരുന്ന പരിപാടി കേരളത്തിലേയ്ക്കുള്ള ഒരു ജാലകം ആയിരുന്നു. എന്നാല്‍ സലിംകുമാര്‍ തന്റെ ടെലിവിഷന്‍ നാളുകളുടെ തുടക്കത്തില്‍ അതിനെ സ്പൂഫ് ചെയ്തതാണ് ഇപ്പോഴും മനസ്സില്‍ വരുന്നത്, പ്രത്യേകിച്ച് കണ്ണൂരിലെ കുട്ടികള്‍ വാളുമായി സ്‌കൂളില്‍ പോകുന്ന രംഗം.

പിന്നെ നടന്‍ ശ്രീരാമന്‍ അവതരിപ്പിച്ചിരുന്ന ‘വേറിട്ട കാഴ്ചകള്‍’. അത് ടെലിവിഷനിലേക്കാള്‍ കൂടുതല്‍ ഞാന്‍ പുസ്തകങ്ങളിലൂടെ വായിക്കുകയായിരുന്നു. തിരുവനന്തപുരത്തു വന്നപ്പോള്‍ ആണ് ഫേസ്ബുക്കിലൂടെ ബിജു മുത്തത്തിയെ ശ്രദ്ധിച്ചു തുടങ്ങിയത്. അനശ്വര കാഥികന്‍ വി സാംബശിവനെക്കുറിച്ചുള്ള ഒരു അന്വേഷണമാണ് ബിജു മുത്തത്തിയുടെ ‘കേരളാ എക്‌സ്പ്രസ്സ്’ എന്ന പരിപാടിയില്‍ എന്നെ എത്തിച്ചത്. കേരളാ എക്‌സ്പ്രസ്സ് കണ്ടുതുടങ്ങിയപ്പോള്‍ ഞാന്‍ സാംബശിവനെ വിട്ടു അതിനു പിന്നാലെ പോയി എന്ന് വേണം പറയാന്‍. എന്റെ കേരളവും വേറിട്ട കാഴ്ചകളും ചേര്‍ന്നുള്ള ഒരു സമകാലിക ഫോര്‍മാറ്റ് ആണ് ബിജു മുത്തത്തി കേരളാ എക്‌സ്‌പ്രെസ്സില്‍ ഉപയോഗിക്കുന്നത്.

ഓരോ ദിവസവും യു ട്യൂബിലൂടെ ഓരോ എപ്പിസോഡ് കാണണം എന്ന് ഞാന്‍ തീരുമാനിക്കുകയും അങ്ങിനെ കണ്ടു തുടങ്ങുകയും ചെയ്തു. കേരളത്തിന്റെ വൈവിധ്യത്തിന്റെ ഒരു അക്ഷയഖനിയാണ് ഈ പരിപാടിയെന്ന് ഞാന്‍ മനസ്സിലാക്കി. ഇത് കണ്ടു തുടങ്ങിയ അതെ സമയത്താണ് ഞാന്‍ കേരളാ ഇന്റര്‍നാഷണല്‍ ഡോക്യുമെന്ററി ആന്‍ഡ് ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ കാണുന്നത്. ഞാന്‍ എന്നോട് ചോദിച്ചത് എന്തുകൊണ്ടാണ് ബിജു മുത്തത്തിയുടെ ‘കേരളാ എക്‌സ്പ്രസ്സ്’ ഒരു ഡോക്യുമെന്ററി അവാര്‍ഡ് നേടുന്നില്ല എന്നാണ്.

കാരണം കണ്ട പല ഡോക്യൂമെന്ററികളെക്കാള്‍ ശക്തമാണ് ‘കേരളാ എക്‌സ്പ്രസിലെ’ പല എപ്പിസോഡുകളും. സമയ പരിമിതിയാല്‍ ഞാന്‍ ഇപ്പോഴും അതിലൊരു ചെറിയ ശതമാനം പോലും കണ്ടു തീര്‍ത്തിട്ടില്ല. പക്ഷെ ഇത് പറഞ്ഞേ തീരൂ എന്ന് തോന്നി. ഈ അടുത്തിടെ ചെങ്കല്‍ച്ചൂളയിലെ ചെണ്ട വിദഗ്ദനായ സതീഷിനെ വഞ്ചിയൂര്‍ പോലീസ് അപമാനിച്ചപ്പോള്‍ ഞാന്‍ ഓര്‍ത്തത് ബിജു മുത്തത്തി ചെയ്ത ‘ചെങ്കല്‍ചൂളയുടെ ആത്മകഥ’ എന്ന എപ്പിസോഡ് ആയിരുന്നു. ചെങ്കല്‍ച്ചൂളയിലെ തന്റെ ജീവിതത്തെ എഴുതിയ ധനുജാ കുമാരിയെ ഫോക്കസ് ചെയ്താണ് ആ എപ്പിസോഡ് ഉണ്ടായതെങ്കിലും അതില്‍ നിര്‍ധാരണം ചെയ്യപ്പെട്ട പലതും സത്യമെന്ന് ആ ഒരൊറ്റ പോലീസ് നടപടിയിലൂടെ തെളിഞ്ഞു.

ഒരു അവതാരകന്‍ എന്ന നിലയില്‍ ബിജു മുത്തത്തിയുടെ പാകപ്പെടല്‍ ഞാന്‍ കൗതുകത്തോടെയാണ് കണ്ടത്. ആദ്യമൊക്കെ ബിജുവിന്റെ അവതരണത്തില്‍ ഒരു ഡെലിബറേഷന്‍ (ബോധപൂര്‍വമാണ് എന്ന തോന്നല്‍) ഉണ്ടായിരുന്നു. കണ്ണുകളുടെ ചലനം, വോയിസ് മോഡുലേഷന്‍, കൈകള്‍ പിടിക്കുന്ന രീതി, സൈന്‍ ഓഫ് ചെയ്തു കൊണ്ട് ഫ്രയ്മില്‍ നിന്ന് പുറത്തു പോകുന്ന രീതി ഒക്കെ ക്രമേണ പരിണമിച്ച് പൂര്‍ണ്ണമായ ആത്മവിശ്വാസമുള്ള ഒരു അവതാരകനിലേയ്ക്ക് പരിവര്‍ത്തിക്കുന്നത് കാണാം.

ഡ്രസിങ് സെന്‍സ്, സംസാരിക്കുമ്പോള്‍ കണ്ണുകള്‍ അടയ്ക്കുന്ന രീതി, മുഖത്തെ സൗഹൃദഭാവം മാറാതെയുള്ള നില്‍പ്പ്, താടിയിലെ നരയും എല്ലാം ഒരു ‘മുത്തത്തി ടച്ച്’ ഈ പരിപാടിയ്ക്ക് നല്‍കുന്നു. ഒരു പക്ഷെ എല്ലാ എപ്പിസോഡും കണ്ടിട്ടുള്ളവര്‍ ഇത് വായിക്കുന്നുണ്ടാകാം. പുതുതായി ഒരു പരിപാടി കണ്ടെത്തിയതിന്റെ ആവേശത്തിലാണ് ഞാന്‍. ബിജു മുത്തത്തിയ്ക്ക് എല്ലാ ആശംസകളും.

– ജോണി എം എല്‍

പിന്‍കുറിപ്പ്: ഓച്ചിറയെക്കുറിച്ചുള്ള എപ്പിസോഡ് ചെയ്യുമ്പോള്‍ യാചകരുടെ ഭക്തികേന്ദ്രം എന്ന് ഓച്ചിറയെക്കുറിച്ചു പരാമര്‍ശിച്ചത് വലതു പക്ഷ തീവ്രവാദികളുടെ കോപത്തിന് കാരണമാവുകയും ദേശീയതലത്തില്‍ ഇത് ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.’

എല്ലാ തിങ്കളാഴ്ചയും രാത്രി 9.30നാണ് ഇപ്പോള്‍ കേരള എക്‌സ്പ്രസ് കൈരളി ന്യൂസില്‍ സംപ്രേഷണം ചെയ്യുന്നത്. പുതിയ എപ്പിസോഡ് ‘മുള പാടും ഗ്രാമ’ത്തിന്റെ പ്രൊമൊ ചുവടെ കാണാം:

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here