ഉന്നാവോ പെൺകുട്ടിയെയും കുടുംബത്തെയും ട്രക്കിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിന്റെ വീട്ടിൽ അടക്കം പതിനേഴ് ഇടങ്ങളിൽ സിബിഐ റെയിഡ്. കേസിൽ നിർണായക വഴിത്തിരിവാകുന്ന വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. കുൽദീപ് സെന്‍ഗറിനെയും സഹോദരന്‍ അതുല്‍ സിങ്ങിനെയും ചോദ്യംചെയ്യുന്നത് സി.ബി.ഐ വീണ്ടും ചോദ്യം ചെയ്യും. അതേസമയം, ന്യുമോണിയ ബാധിച്ച പെൺകുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്.

ലക്നൗ, ഉന്നാവ, ബന്ദ, ഫത്തേപുർ തുടങ്ങി നാല് ജില്ലകളിലെ പതിനേഴ് ഇടങ്ങളിലായിരുന്നു ഒരേസമയം സിബിഐ റെയ്ഡ്. ഉന്നാവയിലെ കുൽദീപ് സിങ് സെന്‍ഗറിന്റെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും പരിശോധന നടത്തിയ അന്വേഷണസംഘം നിർണായക രേഖകൾ പിടിച്ചെടുത്തെന്നാണ് സൂചന. വാഹനാപകടം നടക്കുന്നതിന് മുൻപുള്ള ദിവസങ്ങളിൽ ബിജെപി എം.എൽ.എയെ ജയിലിൽ സന്ദർശിച്ചവരുടെ വീടുകളും റെയ്ഡ് നടത്തിയവയിൽ ഉൾപ്പെടുന്നു.

കുൽദീപ് സിങ് സെന്‍ഗറിനെ പാർപ്പിച്ചിരിക്കുന്ന സീതാപുർ ജയിലിലെ സന്ദർശക ഡയറിയും ജയിലിലെ സിസിടിവി ദൃശ്യങ്ങളും സിബിഐ സംഘം ഇന്നലെ പരിശോധിച്ചിരുന്നു. വാഹനാപകടമുണ്ടാക്കിയ ട്രക് കടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ട് ട്രക്ക് ഡ്രൈവറെയും ക്ലിനരേയും സിബിഐ ചോദ്യം ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കുൽദീപ് സിങ്ങിനെയും, ട്രക്ക് ഉടമയെയും വീണ്ടും ചോദ്യം ചെയ്യും.

അതേസമയം, ന്യുമോണിയയും പനിയും ബാധിച്ച പെൺക്കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ആരോഗ്യനിലയിൽ പുരോഗത്തിയില്ലെങ്കിൽ ദില്ലിയിലേക്ക് പെണ്കുട്ടിയെ മറ്റുന്നതടക്കമുള്ള കാര്യങ്ങളും വീണ്ടും ആലോചിക്കും.