ശ്രീറാമിനെതിരെ ചുമത്തിയത് നിസാരവകുപ്പല്ല; 10 വര്‍ഷം അഴിയെണ്ണും

തിരുവനന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊന്നകേസില്‍ ഐഎഎസുകാരന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ പൊലീസ് ചുമത്തിയത് 10 വര്‍ഷംവരെ തടവ് ലഭിക്കാവുന്ന 304 വകുപ്പ്.

രണ്ടുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന 304 എ വകുപ്പാണ് ചുമത്തിയതെന്ന പ്രചാരണം ശരിയല്ലെന്നും ശ്രീറാമിനെ അറസ്റ്റ് ചെയ്ത മ്യസിയം പൊലീസ് സ്റ്റേഷന്‍ ഓഫീസര്‍ ജി സുനില്‍ അറിയിച്ചു.

ബോധപൂര്‍വമായ നരഹത്യ, മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കല്‍, അലക്ഷ്യമായി വാഹനമോടിക്കല്‍ തുടങ്ങി 10വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.

28 ദിവസമെങ്കിലും റിമാന്‍ഡില്‍ കഴിയാതെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയത്. കാറില്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

ഇതുകൂടാതെ മദ്യപിച്ച് വാഹനം ഓടിച്ചതിന് മോട്ടോര്‍ വാഹന ആക്ടിലെ 186, 188 തുടങ്ങിയവ വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. ശ്രീറാം ചികിത്സ തേടിയ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച രാത്രി ജുഡീഷ്യല്‍ കോടതി അഞ്ചിലെ മജിസ്ട്രേട്ട് എ ആര്‍ അമല്‍ എത്തിയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.

പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഡിസ്ചാര്‍ജ് ചെയ്താല്‍ സബ്ജയിലിലേക്ക് മാറ്റും. ഒരു പഴുതും ശേഷിപ്പിക്കാതെ അന്വേഷണംവേണമെന്നും വീഴ്ച ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിട്ടുണ്ട്.

ശ്രീറാം റിമാന്‍ഡിലായ വിവരം പൊലീസ് മേധാവി ചീഫ്‌സെക്രട്ടറിയെ അറിയിച്ചിട്ടുണ്ട്. നരഹത്യ കുറ്റത്തിന് റിമാന്‍ഡിലായ ഐഎഎസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്.

കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ ശ്രീറാമിനെ സിവില്‍ സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടും. ഗുരുതര കുറ്റമായതിനാല്‍ വകുപ്പ് തല അന്വേഷണവും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News