മദ്യപിച്ച് വാഹനമോടിക്കുന്നയാളെ പരിശോധിക്കാന്‍ സമ്മതം തേടണ്ട; ഉന്നതനായാലും രക്ഷയില്ല; നിയമം ഇങ്ങനെ

മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അപകട വിവരവും പിന്നീടുണ്ടായ സംഭവ വികാസങ്ങളും പുറത്തറിഞ്ഞതോടെ എല്ലാവര്‍ക്കും ഉണ്ടായത് പൊതുവായ ഒരു സംശയമാണ്.

മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാള്‍ക്ക്, രക്തപരിശോധനയെ എതിര്‍ക്കാമോ എന്ന സംശയം.ഏത് തരത്തിലുള്ള കേസിലായാലും കുറ്റം ആരോപിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തം പരിശോധിക്കാന്‍ സമ്മതം വേണമെന്നത് തീര്‍ത്തും തെറ്റായ വാദമാണ്. കുറ്റാരോപിതനായ ഒരാള്‍ രക്തസാമ്പിള്‍ നല്‍കാന്‍ വിസമ്മതിക്കുന്ന പക്ഷം ബലം ഉപയോഗിച്ചാണെങ്കില്‍ക്കൂടി ഇയാളുടെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ പൊലീസിന് അധികാരമുണ്ട്. സിആര്‍പിസി സെക്ഷന്‍ 53 ല്‍ ഇത് വിശദീകരിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇതുപ്രകാരം ശരീരസ്രവങ്ങള്‍, മുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിക്കാന്‍ ബലം പ്രയോഗിക്കാവുന്നതാണ്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന ഒരാളുടെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ അയാളില്‍ ബലം പ്രയോഗിക്കാന്‍ 1988 ലെ മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 204 ലും പൊലീസിന് അധികാരം നല്‍കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് പിടിക്കപ്പെടുന്ന കേസുകളില്‍, പ്രതിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് രക്തം പരിശോധിക്കണമെന്നാണ് ചട്ടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here